ഉണ്ണൂലി

    ഫാനിന്റെ കര കര ശബ്ദം നിന്നു. കറന്റ്‌ പോയതാണ്. ചെറിയ നിലാവെളിച്ചം മുറ്റത്തെ നിൽക്കുന്ന വമ്പൻ ആൽമരച്ചില്ലകളിലൂടെ അരിച്ചിറങ്ങി തുറന്നിട്ട ജനലിലൂടെ മുറിയിൽ അങ്ങനെ ഒഴുകി നടക്കുകയാണ്. എന്റെ ഉറക്കം പോയി. കട്ടിലിൽ തൊട്ടടുത്തായി മനുക്കുട്ടനും അതിന്റെ അപ്പുറത്ത് ദീപച്ചേച്ചിയും നല്ല ഉറക്കത്തിലാണ്. പെട്ടെന്നാണ് മുറിക്കു പുറത്തൊരു കാൽപ്പെരുമാറ്റം. മുറിക്കുളളിൽ അടച്ചിട്ട വാതിലിന്റെ കീഴെയുള്ള വിടവിലൂടെ അതിശക്തമായ തണുപ്പ് അടിച്ചു കയറുന്നതു പോലെ. വാതിലിനപ്പുറം ആരുടെയോ നിഴൽ അവ്യക്തമായി കാണാം. എനിക്ക് പെട്ടെന്ന് മുത്തശ്ശി പറഞ്ഞ സംഭവങ്ങളാണ് ഓർമ വന്നത്. ഇനി ഉണ്ണൂലി ആയിരിക്കുമോ?  വാതിൽ പതുക്കെ തുറന്നു… വിജാഗിരിയുടെ കരച്ചിൽ എന്റെ ചെവിയിലേക്ക് തുളച്ചു കയറുന്നത് പോലുണ്ട്. ദീപച്ചേച്ചിയും മനുക്കുട്ടനും പോത്തുപോലെ കിടന്നുറങ്ങുകയാണ്. ആരോ മുറിക്കുള്ളിലേക്ക് കേറി വരുന്നു. ഞാൻ ഒന്നുമാലോചിച്ചില്ല. ചാടി കട്ടിലിന്റെ അടിയിലേക്ക് കേറി. കാലുകൾ വ്യക്തമായി കാണാം. ഉണ്ണൂലി തന്നെ. അവൾ ഇന്നിട്ട അതേ പുള്ളിപ്പാവാട. പെട്ടെന്ന് അവളുടെ കാലുകൾ തറയിൽ നിന്നും ഒന്നുയർന്നു. അവൾ നിലം തൊടാതെ അങ്ങനെ ഒഴുകി വരുകയാണ് കട്ടിലിന്റെ നേരെ. ഞാൻ ശ്വാസമടക്കിപ്പിടിച്ചിരുന്നു. അമ്മയെ വിളിക്കണം എന്നുണ്ട്. പക്ഷെ ശബ്ദമൊന്നും പുറത്തേക്ക് വരുന്നില്ല. പെട്ടെന്ന് അവൾ കട്ടിലിന്റെ അടിയിലേക്ക് കുനിഞ്ഞു. 
 “ഉണ്ണിക്കുട്ടനെ ഞാൻ കൊണ്ടുപോട്ടെ? “ 
ഞാൻ എന്റെ സർവ്വശക്തിയുമെടുത്ത് അമ്മയെ വിളിച്ചു. ഒച്ചകേട്ട് എല്ലാവരും ഉണർന്നു. ടോർച്ചും തെളിച്ച് അമ്മയും അച്ഛനും ഓടി മുറിയിലെത്തി. “എവിടെടീ? “ അമ്മ ദീപച്ചേച്ചിയോട് ചോദിച്ചു “ആ !” ഉറക്കംപോയ ദേഷ്യത്തിൽ ദീപച്ചേച്ചി കട്ടിലിൽ നിന്നുമിറങ്ങി കുനിഞ്ഞു നോക്കി. “ദാ ഇവിടുണ്ട് “.  അമ്മ കട്ടിലിന്റെ അടിയിൽ നിന്നും എന്നെ വാരിയെടുത്തു.  “എന്താടാ?  എന്താ പറ്റിയേ? “
“ഉണ്ണൂലി…. “ അത്രയേ എന്റെ വായിൽ നിന്നും വന്നുള്ളൂ. “അയ്യേ, ഈ ചെക്കനെന്തു പണിയാ കാണിച്ചേ?  ഇത്രേം വലുതായിട്ട് ട്രൗസറിൽ മുള്ളിയോ?” അച്ഛന്റെ ആ ചോദ്യത്തിന്റെ പിന്നാലെ മോഹനേട്ടന്റെയും ഗാങ്ങിന്റെയും ചിരി ഉയർന്നു. എന്റെ ഉള്ളിലെ മുതിർന്ന പന്ത്രണ്ടു വയസുകാരന് ഇതിൽപ്പരം ഒരപമാനം ഇനി വരാനില്ല.   “ ഇതെന്താ ദീപേ,  നിനക്ക് ഈ വാതിലൊക്കെ ഒന്നടച്ചു കൂടെ?  മലർക്കെ തുറന്നിട്ടാണോ കിടന്നുറങ്ങണെ? “ ശാന്തി മേമ ചോദിച്ചു. “ ഞാൻ അടച്ചൂന്നാ അമ്മേ ഓർക്കണേ !”  ദീപച്ചേച്ചിക്ക് ദേഷ്യം കൂടി വരുന്നുണ്ട്. എന്നോടാണ് ദേഷ്യം മുഴുവൻ. ഉറക്കം പോയതിനും കൂട്ടത്തിൽ മുതിർന്നയാൾ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തം ചോദ്യം ചെയ്യപ്പെട്ടതിനും.  ഞാൻ അപ്പോഴും ഓടിക്കൂടിയ ജനസമുദ്രത്തിൽ ഉണ്ണൂലിയെ തിരയുകയാണ്. അവളവിടെങ്ങുമില്ല. അപ്പോഴതാ എല്ലാവരെയും വകഞ്ഞു മാറിക്കൊണ്ട് മുത്തശ്ശി കയറി വന്നു. മുത്തശ്ശിയുടെ കയ്യിൽ താങ്ങിപ്പിടിച്ചുകൊണ്ട് ഉണ്ണൂലിയുമുണ്ട്.  
“എന്താടാ ഉണ്ണീ… നീ ഒച്ചയിട്ട് പേടിപ്പിച്ച് എന്നേം ഇക്കൊല്ലം മുകളിലേക്കെടുക്കുവോ? “ എല്ലാവരുടെയും മുഖത്തു ചെറിയ ചിരി പൊട്ടി. “ അമ്മയിതെന്തൊക്കെയാ പറയുന്നേ?  പോയിക്കിടന്നുറങ്ങ് “ അച്ഛൻ പറഞ്ഞു. “ മുത്തശീ.. ഉണ്ണൂലി കുറച്ചു മുൻപ് ഇവിടെ വന്ന് എന്നെ പേടിപ്പിച്ചു “ ഇത്തവണ മോഹനേട്ടന്റെ ചിരി കുറച്ച് ഉച്ചത്തിലായിപ്പോയി. “നീ പോയെടാ ഉണ്ണീ. ഇവളിത്രയും നേരവും എന്റെ മുറിയിൽ തന്നെ കിടന്നുറങ്ങുന്നുണ്ടായിരുന്നു “.  പിന്നേ കട്ടിൽ കണ്ടാൽ ശവം പോലെ കിടക്കുന്ന മുത്തശ്ശിക്കാണ് ഇത്രയും ഉറപ്പ്. “ എല്ലാരും പോയിക്കിടക്ക് “ മുത്തശ്ശി പതുക്കെ ഉണ്ണൂലിയുടെ കയ്യും പിടിച്ചു വേച്ചു വേച്ചു നടന്നു പോയി . പെട്ടെന്ന് ഫാൻ കറങ്ങാൻ തുടങ്ങി. ഞാൻ ഒന്നുകൂടെ ഞെട്ടി. “ നീ പോയി മേലൊക്കെ കഴുകി  ഡ്രെസ് മാറി കിടക്ക് “ അമ്മ പറഞ്ഞു. “ ഉണ്ണിയേട്ടന്റെ കൂടെ ഞാൻ കിടക്കൂല്ല “ അത്രയും നേരം ഒരനക്കവും ഇല്ലാതിരുന്ന മനുക്കുട്ടൻ തൊണ്ട പൊളിച്ചു. “ ആ,  നീ കെടക്കണ്ട. ഞാൻ കെടന്നോളാം “ ദീപച്ചേച്ചി അവനെ സമാധാനിപ്പിച്ചു. എല്ലാവരും പോയപ്പോൾ ഞാൻ മേലും കഴുകി ഉടുപ്പെല്ലാം മാറി വന്ന് കിടന്നു. ഇത്തവണ അടുത്ത് ദീപച്ചേച്ചിയാണ്. 
“ടാ,  നീ അവളെ ശരിക്കും കണ്ടോ?  “ ഞാൻ ഒന്നും മിണ്ടിയില്ല. അത് സംഭവിച്ചതാണോ അതോ സ്വപ്നമായിരുന്നോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ. “ അയ്യേ,  എന്നാലും ഇത്ര വലുതായിട്ടും ട്രൗസറിൽ മൂത്രമൊഴിക്കുക,  ഛെ “.  ആ ‘ഛെ’ വന്നുകൊണ്ടത് എന്റെ നെഞ്ചിലായിരുന്നു. ഇനി നാളെ ഞാനെങ്ങനെ പുറത്തിറങ്ങും? തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ നേരം വെളുപ്പിച്ചു. 
   പിറ്റേന്ന് എല്ലാവരും കളിക്കാൻ പോയപ്പോഴും ഞാൻ കുറെ മാറി തൊടിയിൽ നിന്നും എല്ലാവരെയും നോക്കി നിന്നു. അവരുടെ കൂടെ കളിക്കാൻ പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. മോഹനേട്ടന്റെ കളിയാക്കൽ ഓർത്തപ്പോൾ ഞാൻ തന്നെ ഉൾവലിഞ്ഞു. 
“കുട്ടിയെന്തിനാ ഞാൻ വന്നു പേടിപ്പിച്ചെന്ന് നൊണ പറഞ്ഞത്? “ പുറകിൽ നിന്നും ഉണ്ണൂലിയുടെ ചോദ്യം കേട്ട് തെങ്ങിൽ ചാരി നിന്നിരുന്ന ഞാൻ കാലു തെന്നി വീഴാൻ പോയി. എന്റെ തൊട്ടുപിറകിൽ അവൾ നിൽക്കുകയാണ്. ഇവളെപ്പോൾ എത്തി ഇവിടെ. ഒരു ശബ്ദം പോലും കേൾപ്പിക്കാതെ ! “ഞാനൊന്നും പറഞ്ഞില്ല. ഉണ്ണൂലിയെങ്ങനെയാ ഒച്ചയുണ്ടാക്കാതെ ഇവിടെയെത്തിയത്? ഇന്നലെ ശരിക്കും ഉണ്ണൂലി വന്നിരുന്നോ  “ എനിക്കതായിരുന്നു അറിയേണ്ടത്. അവളുടെ മുഖത്ത് ഒരു ചിരി നല്ല മത്താപ്പൂ പോലെ പൊട്ടി വിരിഞ്ഞു. 
“ അതോ… എനിക്കേ എല്ലാവരും കാണാതെ അവരുടെ തൊട്ടടുത്തെത്താൻ ഉള്ള ചില മന്ത്രവാദമൊക്കെ അറിയാം “. ഇപ്പോൾ ഉറപ്പായി. മുത്തശ്ശി പറഞ്ഞത് പോലെ തന്നെ. ഉണ്ണൂലിക്ക് മന്ത്രവാദമറിയാം. അവൾ എന്നെ കൊല്ലും. 
    “ കുട്ടിക്ക് വെറുതെ തോന്ന്യതാവും ട്ടോ. ഇങ്ങനെയൊന്നും പറഞ്ഞ് എന്റെ പണി കളയല്ലേ. “ ഉണ്ണൂലിയുടെ കണ്ണ് പതുക്കെ നിറഞ്ഞു വന്നു. എനിക്കാകെ വല്ലാതായി. ഇന്നലെ നടന്നത് ഒരു സ്വപ്നമാണെങ്കിലോ? “യക്ഷിയും ഗന്ധർവനും കൂടെ എന്താ പരിപാടി “ മോഹനേട്ടൻ വിളിച്ചു ചോദിച്ചു. എല്ലാവരും കളി നിർത്തി ഒരു കള്ളച്ചിരിയോടെ ഞങ്ങളെ നോക്കുകയാണ് – ദീപചേച്ചിയൊഴികെ. “ മോഹനേട്ടാ “ ഒരു താക്കീതിന്റെ സ്വരത്തിൽ ദീപച്ചേച്ചി വിളിച്ചു. മുറപ്പെണ്ണ് തല്ലേണ്ടല്ലോ എന്ന് വിചാരിച്ചിട്ടാകും മോഹനേട്ടൻ ബാറ്റുമെടുത്ത് കളിയിലേക്ക് തിരികെ പോയി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉണ്ണൂലി പതുക്കെ നടന്നകന്നു. മുത്തശ്ശിയാണ് എല്ലാത്തിനും കാരണം. ഒരു ചരിത്രം പറച്ചിൽ. 
ഇന്നലെയായിരുന്നു സംഭവം. കളിയും ഊണുമെല്ലാം കഴിഞ്ഞ് ഞാനും,  ദീപച്ചേച്ചിയും മനുക്കുട്ടനും കൂടെ മുത്തശ്ശിയുടെ അടുത്തേക്ക് പോയി. മോഹനേട്ടനും ഗാങ്ങും തറവാട്ടുകുളത്തിലേക്കും. എല്ലാ വെക്കേഷനും ബന്ധുജനങ്ങളെല്ലാം തറവാട്ടിൽ ഒത്തു കൂടാറുണ്ടെങ്കിലും ഞങ്ങൾ വരുന്നത് അപൂർവമാണ്. അച്ഛന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ജോലി. ഇതിനു മുൻപ് ഞങ്ങൾ വന്നത് പത്തുവർഷം മുൻപെയാണത്രെ. മുത്തശ്ശൻ മരിച്ചപ്പോൾ. ഇത്തവണ ഓണത്തിന് മുത്തശ്ശിക്ക് എല്ലാവരെയും കാണാൻ ഒരാശ. ഇനി എല്ലാവരെയും ഒരുമിച്ചു കാണാൻ പറ്റിയില്ലെങ്കിലോ?  എനിക്കാണെങ്കിൽ ഇവിടെയെത്തുമ്പോൾ സ്വർഗം കിട്ടിയ ഒരു ഫീലിംഗ് ആണ്. വല്ലപ്പോഴും മാത്രം കാണുന്നതുകൊണ്ട് മുത്തശ്ശിക്ക് എന്നോട് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. കസിൻസ് എല്ലാവരെയും ഇത്തവണയാണ് ഞാൻ പരിചയപ്പെടുന്നത്. പക്ഷെ ഏറ്റവും പെട്ടെന്ന് എന്നോട് കൂട്ടായത് ശാന്തി മേമയുടെ മോള് ദീപച്ചേച്ചിയും സുരേഷ് കൊച്ചച്ചന്റെ മോൻ മനുക്കുട്ടനുമാണ്. മറ്റുള്ളവരെല്ലാം കുറച്ച് മുതിർന്നവർ ആയിരുന്നു. ദീപച്ചേച്ചിക്ക് എന്നേക്കാൾ മൂന്നുവയസ്സ് കൂടുതലാണ്. മനുക്കുട്ടൻ എന്നേക്കാൾ നാലുവയസിന് ഇളയതും. ഞങ്ങൾക്കിടയിൽ എങ്ങനെയാണ് ഇത്രയും ഗാഢമായ ഒരു ബന്ധമുണ്ടായത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയില്ല. അങ്ങനെ പതിവുപോലെ ഞങ്ങൾ മുത്തശ്ശിയുടെ അടുത്തെത്തി. മുത്തശ്ശിയുടെ കാര്യങ്ങൾ നോക്കുന്നതെല്ലാം ഉണ്ണൂലിയാണ്. മധുരപ്പതിനെട്ടാണ് പ്രായം. പക്ഷെ കണ്ടാൽ ഒരു വീട്ടിൽ സഹായത്തിനു നിൽക്കുന്ന പെണ്കുട്ടിയാണെന്ന് തോന്നില്ല. ശരിക്കും നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം. എപ്പോഴും മുത്തശ്ശിയുടെ അരികുപറ്റി അവളുണ്ടാകും. 
   മുത്തശീന്ന് വിളിച്ചുകൊണ്ടു ഞങ്ങൾ കയറി വന്നു. മുത്തശ്ശിയുടെ മുഖം ആകപ്പാടെ മഴക്കാർ കേറിയപോലെയായി ഞങ്ങളെ കണ്ടപ്പോൾ. “ ഉണ്ണൂലീ,  താഴെ പോയി എനിക്കുള്ള മരുന്നുകഞ്ഞി ആയെങ്കിൽ കൊണ്ടുവാ. കഷായം ആയെങ്കിൽ അതും മേടിച്ചോ “.  അവൾ പതുക്കെ മുറിയിൽ നിന്നുമിറങ്ങി. പോകുന്ന വഴി എന്നെ ഒരു നോക്കു നോക്കി. എന്താണ് ആ നോട്ടത്തിന്റെ അർത്ഥം എന്ന് എനിക്കിപ്പോഴുമറിയില്ല. “ഞാൻ നിങ്ങളെ മൂന്നിനേം കാണാനിരിക്കുകയായിരുന്നു. “ മുത്തശ്ശി തലയിണയുടെ അടിയിൽ നിന്നും ഒരു ഓലക്കെട്ടെടുത്തു. “ ഇതേ നിങ്ങൾ എല്ലാ കുട്യോളുടേം ജാതകം എഴുതിച്ചതാ. നിങ്ങൾ മൂന്നുപേരുടേം ജാതകം കണ്ടോ. “ എന്താണ് മുത്തശ്ശി പറയുന്നതെന്ന് എനിക്കും മനുക്കുട്ടനും ഒരു എത്തും പിടിയും കിട്ടിയില്ല. അവന് പ്രായത്തിന്റെ പക്വത എത്താത്തത് കൊണ്ടും എനിക്ക് ജാതകം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കൊണ്ടും. “ ഒരു തലമുറയിൽ ജനിച്ച മൂന്നുപേർക്ക് ഒരേ നക്ഷത്രം. അനിഴം. അങ്ങനെ വന്നാൽ എന്താ ണ്ടാവുകന്നറിയ്യോ മക്കൾക്ക്? “ ദീപച്ചേച്ചിക്ക് പതിവുപോലെ ദേഷ്യം വരുന്നുണ്ട്. “മുത്തശ്ശി സസ്പെൻസ് ഇടാതെ കാര്യം പറ “.
   “ഒരു പത്തു തലമുറ മുൻപ് നമ്മുടെ കുടുംബത്തിൽ ഇതുപോലെ ഒരേ നക്ഷത്രത്തിൽ ജനിച്ച മൂന്നുപേര് അടുപ്പിച്ചു മരണപ്പെട്ടു. അന്ന് ഏറനാട്ടുനിന്ന് നമ്മുടെ കാരണവര് എഴില്ലം മന പോറ്റിമാരെ കൊണ്ടുവന്നു. അന്ന് പോറ്റി പ്രശ്നം വച്ചു പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മുടെ തറവാടിന്റെ കിഴക്ക് കാണുന്ന കൊച്ചുമുത്തി മലയില്ലേ,  അവിടെ ആഭിചാര ക്രിയകൾ ചെയ്യുന്ന മന്ത്രവാദിനികളുടെ ഒരു കുടുംബമുണ്ട്. അവരിൽ തലമുറ തലമുറയായി ജനിക്കുന്ന മൂത്ത പെൺകുട്ടിക്കാണ് കുടുംബത്തിന്റെ നേതൃസ്ഥാനം. നാടായ നാട്ടിലെ മുന്തിയ ഇല്ലങ്ങളിൽ ഒരേ തലമുറയിൽ ഒരേ നക്ഷത്രത്തിൽ ജനിക്കുന്ന ആളുകളെ അവരുടെ കൊച്ചുമുത്തി എന്ന ദുർദേവതക്ക് ബലി കൊടുത്താൽ അമരത്വം കിട്ടുമെന്നാണ് വിശ്വാസം. അങ്ങനെ അമരത്വം കിട്ടിയ പല തലമുറയിൽ പെട്ട മന്ത്രവാദിനിമാർ ഇപ്പോഴും ആ മലയിലുണ്ടത്രെ !. എനിക്ക് പെട്ടെന്നൊരു സംശയം പൊട്ടി. എന്താണ് അമരത്വം. ദീപച്ചേച്ചി സംശയം ദുരീകരിച്ചു. “എടാ, അതേ അവർക്ക് മരണമുണ്ടാകില്ല. ഇംഗ്ലീഷിൽ എന്താ പറയ്യാ… ആഹ് ഇമ്മോർട്ടൽസ്‌ “
   “പറയണ കേൾക്കു കുട്ട്യോളെ.  അങ്ങനെ പോറ്റി പറഞ്ഞതനുസരിച് അന്ന് പടക്കുറുപ്പായിരുന്ന നമ്മടെ കാരണോർ അന്നവിടുണ്ടായിരുന്ന കുടുംബത്തെ പോയി കൊന്നു. അന്ന് അവിടെ ഒരു പെണ്കുഞ്ഞു ജനിച്ചിട്ടുണ്ടായിരുന്നു. ദയതോന്നിയ കാരണോർ ആ കുഞ്ഞിനെ കൊണ്ടുവന്നു നമ്മുടെ ഒരു മക്കളില്ലാത്ത അടിയാന് കൊടുത്തു. അവരതിനെ വളർത്തി. ആ രക്തത്തിൽ പെട്ടവളാണ് ഉണ്ണൂലിയുടെ അമ്മ. ഉണ്ണൂലി അവരുടെ ഒരേ ഒരു മകളാണ്. ഇപ്പോൾ നിങ്ങൾ മൂന്നുപേരും ഒരേ നക്ഷത്രത്തിൽ ജനിച്ചവരും. എന്റെ കുട്ട്യോളെ നിങ്ങൾ സൂക്ഷിച്ചോണം. തരം കിട്ടിയാൽ അവൾടെ ഉള്ളിലെ മന്ത്രവാദിനി ഉണർന്നാലോ? കൊല്ലാൻ മടിക്കില്യ “
     “പുളു “ എന്നും പറഞ്ഞുകൊണ്ട് ദീപച്ചേച്ചി ഇറങ്ങിപ്പോയി. പുറകെ മനുക്കുട്ടനും. മുത്തശ്ശി വാത്സല്യവും വിഷമവും നിറഞ്ഞ മുഖത്തോടെ എന്നെ ഒന്നു നോക്കി. എന്റെ മുഖത്തൊന്ന് തലോടി. ഞാനും പതുക്കെ പുറത്തേക്കിറങ്ങി. അപ്പോഴുണ്ട് ഉണ്ണൂലി ഒരു പാട്രത്തിൽ കഞ്ഞിയും മറ്റേ കയ്യിൽ കഷായം നിറച്ച ഒരു പാറാവുമായി നിൽക്കുന്നു. അവൾ കേട്ടിരിക്കുമോ മുത്തശ്ശി പറഞ്ഞത്?  എന്റെ ചങ്കിടിപ്പ് കൂടി. അവൾ എന്റെ മുഖത്തേക്കൊന്ന് നോക്കി. ആ നോട്ടം എന്റെ കണ്ണും തുളച്ചാണ് ഉള്ളിലേക്കിറങ്ങിയത്. അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. ആ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാതെ ഞാൻ  പതുക്കെ നടന്നു. അതായിരുന്നു ഞങ്ങൾ തമ്മിൽ നേരിൽ കണ്ട ആദ്യം സംഭവം. പിന്നെ തൊടിയിൽ വച്ചും. രണ്ടിടത്തും വച്ച് ഉണ്ണൂലിയുടെ കണ്ണ് നിറഞ്ഞു. ആ രണ്ട് സംഭവങ്ങളും എനിക്ക് ഉണ്ണൂലിയോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വരുത്തി. ഒരു സഹതാപം കലർന്ന ഇഷ്ടം എനിക്ക് തോന്നി.  പിന്നീടുള്ള ഒന്ന് രണ്ട് ദിവസങ്ങളിൽ ഞാൻ ഉണ്ണൂലിയെ കാണുമ്പോഴൊക്കെ ചിരിക്കാൻ തുടങ്ങി. ആദ്യമൊക്കെ ഉണ്ണൂലി ഒന്നു സംശയിച്ചു നിന്നെങ്കിലും പിന്നീട് എന്നോട് തിരിച്ചും ചിരിക്കാൻ തുടങ്ങി. 
      ഒരു പ്രത്യേക സൗന്ദര്യമായിരുന്നു ഉണ്ണൂലിക്ക്. എപ്പോഴും നല്ല ഭംഗിയുള്ളതും എന്നാൽ പഴയതുമായ ഉടുപ്പുകളായിരുന്നു അവൾ ധരിച്ചിരുന്നത്. നല്ല ഭംഗിയുള്ള കണ്ണുകൾ. കണ്ടാൽ നല്ല തറവാട്ടിലെ ഒരംഗമല്ല എന്നാരും പറയില്ല. വെക്കേഷനൊക്കെ തീർന്ന് ഞങ്ങൾ തിരിച്ചു പോകാറായി. പോകുന്നതിന്റെ തലേന്ന് രാവിലെയുള്ള കളിയൊക്കെ കഴിഞ്ഞ ക്ഷീണത്തിൽ ഞാൻ ഇത്തിരി സംഭാരം കുടിക്കാനായി അടുക്കളയുടെ പിൻവശത്തെത്തി. “അമ്മേ… ബട്ടർമിൽക് !” നാലുദിക്കും പൊട്ടുന്ന ഉച്ചത്തിൽ ഞാൻ വിളിച്ചു കൂകി. “ഉണ്ണൂല്യേ ,ഇതങ്ങു കൊടുത്തോളൂ “ മേമയുടെ ശബ്ദം കേട്ടു. എന്റെ നെഞ്ച് പടാപടാന്നു ഇടിക്കാൻ തുടങ്ങി. എന്തിനാണ് ഞാൻ ഇങ്ങനെ വിയർക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല. ഉണ്ണൂലി ഒരു ചെറിയ മൊന്തയിൽ സംഭാരവുമായി വന്നു.  “ഉണ്ണിക്കുട്ടൻ കളിച്ചു ക്ഷീണിച്ചു വന്നിരിക്കുകയാണോ? ഇന്നാ കുടി “. ഞാൻ അത് മേടിച്ച് ഒറ്റയടിക്ക് കുടിച്ചു തീർത്തു. “ഇവിടെന്നു പോയാൽ എന്നെയൊക്കെ ഓർക്കുവോ? “ ഞാനൊന്നും മിണ്ടിയില്ല. “ഞങ്ങടെ നാടൊക്കെ ഇഷ്ടപ്പെട്ടോ? “ ഒരു മൂളൽ മാത്രമായിരുന്നു എന്റെ മറുപടി. “ഉണ്ണിക്കുട്ടൻ എന്റെ കൂടെ വന്നാൽ ഞാനൊരു കൂട്ടം കാണിച്ചു തരാം “.  ഉള്ളിൽ ചെറിയ പേടി തോന്നിയെങ്കിലും എന്റെ ഉള്ളിൽ ഒരു കൗതുകമുണർന്നു. “എന്ത്? “.  “ അതൊക്കെയുണ്ട്. വാ “.  ആ മൊന്ത മേടിച്ചു നിലത്തുവച്ച് ഉണ്ണൂലി മുൻപേ നടന്നു. “മുത്തശ്ശി വിളിക്കില്ലേ? “ എന്നായി എന്റെ സംശയം. “കോലോത്തമ്മ നല്ല ഉറക്കത്തിലാ. എണീക്കുമ്പോഴേക്കും നമുക്ക് വരാം”. തറവാടിന്റെ മുൻപിൽ ഉള്ള പടിപ്പുരയിൽ എത്തിയപ്പോൾ ദൂരേക്ക് ചൂണ്ടിക്കാട്ടി “ ദാ, അതാണെന്റെ വീട്. “ എന്നവൾ പറഞ്ഞു. വീട് എന്ന് പറയാൻ പറ്റില്ല. കൂര. പനയോല കൊണ്ട് മേഞ്ഞ മൺകട്ട കൊണ്ട് കെട്ടി തേച്ചു മിനുക്കാത്ത ഒരു കെട്ടിടം. “ ഇതാണോ കാണിക്കാൻ വന്നത്? “ അവൾ തിരിഞ്ഞു നിന്ന് പൊട്ടിച്ചിരിച്ചു. ആ ചിരി കണ്ടു നിൽക്കാൻ തന്നെ നല്ല രസമാണ്. “ഈ കുട്ടീടെ ഒരു കാര്യം… അതൊന്നുമല്ല.. വാ “. അവൾ പടിപ്പുരയും കടന്ന് പാടവരമ്പിലൂടെ നടന്നു. കുറെ മുന്നോട്ട് ചെന്ന് ഇടവഴി തിരിഞ്ഞ് മുൾപ്പടർപ്പും കടും പിടിച്ചു കിടക്കുന്ന ഒരു സ്ഥലത്തെത്തി. വള്ളിച്ചെടികൾ വകഞ്ഞു മാറ്റി ഉണ്ണൂലി മുന്നോട്ട് നടന്നു. ആദ്യമൊന്ന് സംസാരിച്ചെങ്കിലും ഒരു കാന്തം ആകർഷിക്കുന്നത് പോലെ ഞാൻ അവളുടെ പുറകെ നടന്നു. ഒരു ഗുഹപോലെ തോന്നിക്കുന്ന ഇടത്താണ് ഞങ്ങൾ എത്തിയത്. അതിനുള്ളിൽ കൂടെ ചെറിയ ഒരു അരുവി ഒഴുകുന്നുണ്ട്. രണ്ടോ മൂന്നോ പേർക്ക് ഇരിക്കാൻ പാകത്തിന് ചെത്തി മിനുക്കിയത് പോലെ കല്ല് രൂപപ്പെട്ടിരിക്കുന്നു .
  അവൾ അതിൽ കയറിയിരുന്നു. ചെറിയ സൂര്യപ്രകാശം വരുന്നുണ്ട് ഉള്ളിലേക്ക്. അതിൽ അവളുടെ അലസമായിക്കിടക്കുന്ന മുടിയിഴകൾക്ക് സ്വർണനിറം വച്ചതുപോലെ. ഞാനും അടുത്ത് ചെന്നിരുന്നു. “ഈ സ്ഥലം ആർക്കുമറിയില്ല. ഞാൻ കണ്ടുപിടിച്ചതാ “ അവൾ അഭിമാനത്തോടെ പറഞ്ഞു. “ഇനി ഒരു സൂത്രം കണ്ടോ “. അവൾ നിലത്തു നിന്നും ഒരു ചെറിയ കല്ലെടുത്ത് ഗുഹയുടെ ഭിത്തിയിലേക്കെറിഞ്ഞു. അവിടമൊന്ന് തിളങ്ങി. എന്റെ കണ്ണ് അത്ഭുതം കൊണ്ട് വിടർന്നു .മിന്നാമിനുങ്ങുകൾ. ഉണ്ണൂലി കയ്യിൽ കുറച്ച് വെള്ളം കോരിയെടുത്ത് ഭിത്തിയിലേക്കെറിഞ്ഞു. ഒരു ചെയിൻ റിയാക്ഷൻ പോലെ ഗുഹയുടെ ഉള്ളിൽ മിന്നാമിനുങ്ങുകൾ പ്രകാശിച്ചു. അവറ്റകൾ ഗുഹക്കുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പറക്കാൻ തുടങ്ങി. ലണ്ടനിൽ അച്ഛന്റെ ബോസ്സിന്റെ റോൾസ് റോയ്സിൽ ഒരു തവണ ഞാൻ കേറിയിട്ടുണ്ട്. അതിനുള്ളിൽ മാത്രമാണ് ഇതുപോലെയൊരു കാഴ്ച ഞാൻ കണ്ടിട്ടുള്ളത്. അത് ലൈറ്റുകൾ. പക്ഷെ ഇത് എന്റെ ചിന്താശേഷിക്കും അപ്പുറം. ഉണ്ണൂലി എന്റെ കയ്യിൽ പിടിച്ചിരിക്കുകയാണ്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്നേക്കാൾ അല്പം ഉയരം കൂടുതലുണ്ടവൾക്ക്. അവൾ ആ കാഴ്ച കണ്ടു രസിച്ചങ്ങനെ നിൽക്കുകയാണ്. പെട്ടെന്ന് അവൾ എന്റെ കവിളത്ത് ഒരുമ്മ തന്നു. അതെന്തിനായിരുന്നെന്ന് എനിക്കിന്നും മനസിലായിട്ടില്ല. “നമുക്ക് പോകാം? “ അവൾ ചോദിച്ചു. ഞാൻ ആ ഷോക്കിൽ നിന്ന് അപ്പോഴും തിരിച്ചു വന്നിട്ടുണ്ടായിരുന്നില്ല.           ഞങ്ങൾ പുറത്തിറങ്ങി. നേരം ഇരുട്ടി തുടങ്ങാറായി. അപ്പോൾ ഞങ്ങൾ എത്ര നേരം അതിന്റെ ഉള്ളിലുണ്ടായിരുന്നു?  സമയം പോകുന്നത് പോലും ഞാനറിഞ്ഞില്ല. “അയ്യോ,  കൊലോത്തമ്മ ഇന്നെന്നെ കൊല്ലും. എന്റെ കൂടെ വന്നെന്നു കുട്ടി ആരോടും പറയണ്ടാട്ടോ !”.ഞാൻ പൂമുഖത്തെത്തുമ്പോൾ അച്ഛനും അമ്മയും ചെറിയച്ഛനും നില്പുണ്ട്. 
“എവിടരുന്നെടാ ഇത്ര നേരം?  നിന്നെ തപ്പി പോകാത്ത ഇടമില്ല ഈ പരിസരത്ത്.” ഞാൻ പുഴക്കരയിൽ പോയെന്ന് കള്ളം പറഞ്ഞു. മേലെ മുത്തശ്ശിയുടെ മുറിയിൽ നിന്ന് ഉണ്ണൂലിയെ ചീത്ത വിളിക്കുന്ന ഒച്ച കേൾക്കാം. അന്ന് പിന്നീട് ഉണ്ണൂലിയെ കണ്ടിട്ടില്ല. പിറ്റേന്ന് ഞങ്ങൾ പോകാനിറങ്ങി.ചെറിയച്ഛനാണ്‌ എയർപോർട്ടിലേക്ക് ടാക്സി ഏർപ്പാടാക്കിയത്. വണ്ടിയിൽ കയറുന്നതിനു മുൻപ് ഞാൻ ചുറ്റും നോക്കി. ഉണ്ണൂലിയെ എങ്ങും കണ്ടില്ല.  ദീപച്ചേച്ചിയോടും മനുക്കുട്ടനോടും മുത്തശ്ശിയോടുമൊക്കെ യാത്ര പറഞ്ഞു. മുത്തശ്ശിയോട് ഉണ്ണൂലി എവിടെ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ആ ആൾക്കൂട്ടത്തിന്റെ ഇടക്ക് ധൈര്യം വന്നില്ല. കാർ തറവാടിന്റെ അതിർത്തി കടന്നപ്പോൾ വഴിയരികിൽ അതാ ഉണ്ണൂലി. അമ്മ കൈ വീശി കാണിച്ചു. ഉണ്ണൂലിയെ കണ്ട സന്തോഷം ഉണ്ടായെങ്കിലും എന്റെ ഉള്ള് പിടയുന്നത് പോലെ എനിക്ക് തോന്നി. ഞാൻ കാഴ്ച മറയുന്നത് വരെ പിന്നോട്ട് അവളെ നോക്കി നിന്നു. ഉണ്ണൂലിയുടെ മുഖം വിഷമം കൊണ്ട് ചുവന്നത് പോലിരുന്നു. ഞാൻ പതിയെ നേരെയിരുന്നു. എന്റെ ഉള്ളിലേക്കു ചുരുങ്ങിപ്പോകുന്നത് പോലെ തോന്നി എനിക്ക്.  

   പിന്നെ അഞ്ചുകൊല്ലം കഴിഞ്ഞാണ് ഞാൻ നാട്ടിൽ വരുന്നത്. മുത്തശ്ശിയുടെ മരണവർത്തയറിഞ്ഞ്. അത്തവണയും എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടുകാർ മാത്രമായി. ഞാൻ വന്നപ്പോൾ മുതൽ ഉണ്ണൂലിയെ തിരയുകയായിരുന്നു. ഒരു മിന്നായം പോലെ ഒന്നോ രണ്ടോ തവണ കണ്ടു. സംസാരിക്കാൻ സാധിച്ചില്ല. അത്തവണ സ്വത്ത്‌ ഭാഗം വെക്കൽ കൂടെയുണ്ടായിരുന്നു. ദീപച്ചേച്ചിയും മനുക്കുട്ടനും വരെ ആ കൂട്ടത്തിൽ എന്താണ് സംഭവിക്കുന്നത് എന്നും നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതുക്കെയിറങ്ങി വീടിന്റെ പിന്നാമ്പുറത്തെത്തി. അവിടെ വലിയ ചെമ്പുകളിൽ ഭക്ഷണം ഉണ്ടാക്കാൻ വച്ചിരിക്കുന്നു. ഒരു വെപ്പുകാരൻ പണിക്കാർക്ക് നിർദേശങ്ങൾ കൊടുക്കുന്നു. അയാൾ അടുക്കളയിലേക്ക് നോക്കി എന്തോ വിളിച്ചു പറയുന്നു. പെട്ടെന്നതാ ഉണ്ണൂലി ഒരു മുറത്തിൽ നിറയെ എന്തൊക്കെയോ ഇലക്കറികളുമായി വരുന്നു.  ഒരു സാരിയൊക്കെ ഉടുത്ത് നല്ല പക്വത തോന്നിക്കുന്നു അവൾക്ക്. ആ സാധനങ്ങൾ അയാളുടെ കയ്യിൽ കൊടുത്ത് തിരിഞ്ഞു നടന്നു. ഞാൻ ഉണ്ണൂലിയോട് സംസാരിക്കാൻ വേണ്ടി അങ്ങോട്ട് നടന്നു. പെട്ടെന്ന് ഉണ്ണൂലി ഇറങ്ങി വന്നു “ അതേ,  രാജേട്ടാ വൈകിട്ട് പലചരക്കു കടയിൽ പോയി സാധനങ്ങൾ വാങ്ങണം. ഞാൻ രാവിലെ അവിടെ ചീട്ട് കൊടുത്തിട്ടുണ്ട്. ആ പിന്നെ റേഷൻ കടയിൽ പോയി മണ്ണെണ്ണയും വാങ്ങണം “.  മുന്നോട്ട് വച്ച എന്റെ കാൽ ഞാൻ അതുപോലെ പുറകോട്ടെടുത്തു. പെട്ടെന്ന് എന്നെക്കണ്ട ഉണ്ണൂലി ആ പഴയ ചിരി തന്നുകൊണ്ട് എന്റെയടുത്തേക്ക് വന്നു. 
  “ കുട്ടിയെപ്പഴാ എത്തിയെ?  ഞാൻ ആ തിരക്കിനിടക്ക് നോക്കിയിരുന്നു. വളർന്ന് വല്യ ആളായല്ലോ,  പൊടിമീശയൊക്കെ വെച്ചിട്ട് “ ഞാൻ ഒന്നും മിണ്ടിയില്ല. “അതെന്റെ കെട്ട്യോനാ. കഴിഞ്ഞ ചിങ്ങത്തിലായിരുന്നു കല്യാണം. “ 
  “സുഖമല്ലേ?  അത്രയും മാത്രമേ എന്റെ വായിൽ നിന്നും വന്നുള്ളൂ. “പിന്നേ,  കോലോത്തമ്മ പോയി. ഇനി ഇന്ന് കൂടി കഴിഞ്ഞാൽ ഞാനും ഈടെന്ന് പോകും. കുട്ടിയെന്നാ പോകുക? “ ഒരു വിഷമത്തോടെ അവൾ ചോദിച്ചു. “ nale,  അല്ലെങ്കിൽ മറ്റന്നാൾ. അച്ഛന് അവിടെ നേരത്തെ എത്തണം. സ്വന്തം അമ്മയാണ് മരിച്ചതെന്ന് സായിപ്പന്മാരോട് പറഞ്ഞാൽ വല്യ സിംപതിയൊന്നും കിട്ടില്ല. “ഉണ്ണൂലി ഒരു ചെറിയ ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു. “ പോണേനു മുന്നേ പറ്റിയാൽ കാണാട്ടോ. ഞാൻ പോട്ടെ. അകത്തു കുറച്ചൂടെ പണിയുണ്ട് “ പിന്നെ പോകുന്നത് വരെ ഉണ്ണൂലിയെ കണ്ടില്ല. ഭാഗം വെപ്പിൽ തറവാട് വീടും പുരയിടവും അച്ഛനാണ് കിട്ടിയത്. തിരിച്ചു പോകുന്ന വഴിക്ക് തറവാട്  ഒന്ന് റെനോവെറ്റ് ചെയ്ത് ഒരു ഹെറിറ്റേജ് റിസോർട്ട് ആക്കണം എന്നൊക്കെ അമ്മയോട് അച്ഛൻ പറയുന്നുണ്ടായിരുന്നു. ഉണ്ണൂലിയെ കാണാൻ പറ്റാത്ത വിഷമത്തിലായിരുന്നു ഞാൻ. അവൾ വിവാഹം കഴിച്ചു എന്ന ചിന്തയൊന്നും എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചില്ല. 
    ലണ്ടനിൽ വന്ന ശേഷം ദീപച്ചേച്ചിയുമായി മാത്രമായി നാട്ടിലെ കോൺടാക്ട്. മോഹനേട്ടൻ ചേച്ചിയെ കല്യാണം കഴിച്ചു. ഞാൻ ചെല്ലാത്തതിന് ഒരു മാസത്തോളം ചേച്ചി എന്റെ കോളുകൾ ഒന്നും എടുത്തില്ല. ഒരു ദിവസം ഏതാണ്ട് ഉണ്ണൂലിയെ അവസാനമായി കണ്ട ഒരു എട്ടു വർഷത്തിന് ശേഷം ചേച്ചി വിളിച്ച് ഉണ്ണൂലിയുടെ ഭർത്താവ് പാമ്പുകടിയേറ്റ് മരിച്ചെന്നു പറഞ്ഞു. അവളുടെ ഫോൺ നമ്പർ കിട്ടുമോ എന്ന് ഞാനന്വേഷിച്ചു. “അതിന് ഫോണുണ്ടോ എന്നൊന്നുമറിയില്ലെടാ. ഇച്ചിരി കഷ്ടമാ അവളുടെ കാര്യം. അവിടെ അടുത്തൊരു വീട്ടിൽ പണിക്ക് പോകുന്നുണ്ട്. “ പിന്നെ വേറൊരു ദിവസം ചേച്ചി വിളിക്കുന്നത് വേറെ ഒരു ഞെട്ടിക്കുന്ന രഹസ്യം പറയാനാണ് . “എടാ നമ്മുടെ മനുക്കുട്ടനെ ഇന്നലെ കുറച്ചു നാട്ടുകാർ നമ്മുടെ ഉണ്ണൂലിയുടെ വീട്ടിൽ നിന്നും പിടിച്ചു. അവൻ ഈയിടെയായിട്ട് അവിടെ ഇടക്കിടക്ക് പോകാറുണ്ടെന്നാ പറയുന്നത്. അടുത്തകാലത്തായിട്ട് അവൻ ഡ്രിങ്ക്സ് ഉപയോഗിച്ച് തുടങ്ങിയെന്നാ ചെറിയച്ഛൻ പറയുന്നത്. അവൾക്കിപ്പോൾ ചാരായം വാറ്റുണ്ടെന്നോ മറ്റോ ഒക്കെ കേൾക്കുന്നു.”എനിക്ക് ദേഷ്യവും വിഷമവും എല്ലാം കൂടെ ഒന്നിച്ചു വന്നു. അത് മനുക്കുട്ടനോടാണോ,  വിവരം എന്നോട് വിളിച്ചു പറഞ്ഞ ദീപച്ചേച്ചിയോടാണോ അതോ ഉണ്ണൂലിയോടാണോ എന്ന് മാത്രമായിരുന്നു എന്റെ സംശയം. “മനുക്കുട്ടനോ !അവൻ  ചെറിയ പയ്യനല്ലേ? “ എല്ലാം ഉള്ളിലൊതുക്കി ഞാൻ ചോദിച്ചു. “നിനക്കറിയാൻ വയ്യാഞ്ഞിട്ടാ. കുറെ മോശം കൂട്ടുകെട്ടുകൾ ഉണ്ടായിരുന്നു അവന് പ്ലസ് ടുവിന് പഠിക്കുമ്പോഴേ. അങ്ങനെ അല്ലറ ചില്ലറ രാഷ്ട്രീയവും എല്ലാമായി ചെക്കൻ ഏതാണ്ട് കൈവിട്ട് പോയ അവസ്ഥയായി. അമ്മായി കാണുമ്പോഴൊക്കെ ആ സങ്കടം പറച്ചിലാ. ഒരേ ഒരെണ്ണമല്ലേ ഉള്ളൂ. “ ഞാൻ എല്ലാം മൂളിക്കേട്ടു. പക്ഷെ ഉണ്ണൂലിയുമായി അവന്… കുറച്ചുനേരം എന്റെ ഉള്ളിലെ മലയാളി കുറേ കടന്ന് ചിന്തിച്ചെങ്കിലും വ്യക്തിപരമായ ഇഷ്ടങ്ങളെ മാനിക്കണം എന്ന എന്റെ പ്രിൻസിപ്പിൾ അതിനെയെല്ലാം കവച്ചു വച്ചു. 

   ഒരു രണ്ടുമാസം കഴിഞ്ഞപ്പോൾ പാതിരാത്രിക്കുണ്ട് ദീപച്ചേച്ചി വിളിക്കുന്നു. ചേച്ചി ഏങ്ങലടിച്ചു കരയുകയാണ്. “മനുക്കുട്ടൻ പോയെടാ… “ അത്രയേ പറഞ്ഞുള്ളൂ. ഫോൺ കട്ടായി. തിരിച്ചു വിളിച്ചിട്ട് കിട്ടുന്നുമില്ല. എന്റെ ശരീരം മുഴുവൻ വിറക്കുകയാണ്. കുറെ നേരം വിളിച്ചു കിട്ടാത്തത് കാരണം മോഹനേട്ടനെ വിളിച്ചു. രാഷ്ട്രീയ കൊലപാതകമാണെന്നാണ് സംശയമെന്നാ പറയുന്നത്. ആരോ വാളിന് വെട്ടിയത്രേ. ദീപച്ചേച്ചി പ്രഷർ കുറഞ്ഞു തളർന്നു കിടക്കുകയാണത്രെ. അവർ തൊട്ടടുത്തുള്ള ഒരു ക്ലിനിക്കിൽ ആണ്. “നീ വരുന്നുണ്ടോ? “ എന്ന് മോഹനേട്ടൻ ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. “അധികം വെച്ചു താമസിപ്പിക്കില്ല എന്നാണ് പറയുന്നത്. “
      അച്ഛനും അമ്മയും എന്നോട് അവിടം വരെ ഒന്ന് പോയി വരാൻ പറഞ്ഞു. അവർക്ക് രണ്ടുപേർക്കും പോയിവരാൻ ബുദ്ധിമുട്ടുണ്ട്. അച്ഛന് ബൈപാസ് ഒക്കെ കഴിഞ്ഞിരിക്കുകയാണ്. ഞാൻ അങ്ങനെ നാലഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചു വരുന്നത് പോലെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തു. ഞാൻ നേരെ ദീപച്ചേച്ചിയുടെ വീട്ടിലേക്കാണ് പോയത്. തറവാട്ടിലേക്ക് പോകാൻ മനസ് വരുന്നില്ല. അവിടെ എല്ലാം നോക്കി വൃത്തിയാക്കി വെക്കാൻ ഒരാളെ ഏല്പിച്ചിട്ടുണ്ട്. എന്നാലും വേണ്ട. അങ്ങ് പോയാൽ പഴയ ഓർമകളെല്ലാം തികട്ടി വരും. ഞാനും മോഹനേട്ടനും കൂടെ മനുക്കുട്ടന്റെ വീട്ടിൽ പോയി. മൃതദേഹം മറവ് ചെയ്തിടത്ത് പോയി ഞാൻ കുറെ നേരം നിന്നു. എനിക്ക് വല്ലാത്ത പശ്ചാത്താപം തോന്നി. ഇത്രയും വർഷങ്ങളായിട്ടും അവനെ ഒന്നു വിളിക്കുക പോലും ചെയ്യാത്തതിൽ. എന്റെ ഒരു മോറൽ സപ്പോർട്ട് കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ അവൻ ജീവനോടിരുന്നേനെ. ഞാൻ ചെറിയച്ഛനെ കാണാൻ ചെന്നു. എങ്ങനെ ആ മനുഷ്യനെ അഭിമുഘീകരിക്കും എന്ന വിഷമത്തിലായിരുന്നു ഞാൻ. അമ്മായിയെ എന്തായാലും ഇപ്പോൾ കാണാനുള്ള ധൈര്യം എനിക്കില്ല. എന്നെ കണ്ടതും ചെറിയച്ഛൻ കൊച്ചു കുട്ടികളെപ്പോലെ കരയാൻ തുടങ്ങി. ഒന്നു ശാന്തമായപ്പോൾ ചെറിയച്ഛൻ  മനുവിനെപ്പറ്റി പറയാൻ തുടങ്ങി. “രാഷ്ട്രീയം വേണ്ടാന്ന് ഞങ്ങൾ അവനോട് നൂറു പ്രാവശ്യം പറഞ്ഞതാ. കേട്ടില്ല. എല്ലാ കേസുകളിലും അവനുണ്ടാകും. നാല് ദിവസം മുൻപ് കാണാതായി. ഒരു രാത്രിയും പകലും മുഴുവൻ തിരഞ്ഞു. ഒടുക്കം ആ തോടിനടുത്തുള്ള ഗുഹയുടെ മുൻപിൽ ചോരയിൽ കുളിച്ച്… “ ചെറിയച്ഛൻ മുഴുമിച്ചില്ല. കരയാൻ തുടങ്ങി വീണ്ടും. ഒരു തരിപ്പ് എന്റെ നട്ടെല്ലിലൂടെ കടന്നു പോയി. പണ്ട് ഞാനും ഉണ്ണൂലിയും കൂടെ പോയ സ്ഥലം. കുറച്ചു കഴിഞ്ഞ് അമ്മായിയേയും പോയിക്കണ്ട് സമാധാനിപ്പിച്ചു. “നീയെന്നാ പോണേ? “ കണ്ണീരു തുടച്ചുകൊണ്ട് അമ്മായി ചോദിച്ചു. “ മറ്റന്നാൾ പോകും. “. ഞാൻ അവിടെ നിന്നിറങ്ങി. മോഹനേട്ടൻ പുള്ളിയുടെ ബൈക്ക് തന്നു. തറവാട്ടിലൊക്കെ പോയി ഒരു ദിവസം അവിടെ നിന്നോളാൻ പറഞ്ഞു. ഞാൻ മനസ്സില്ലാ മനസ്സോടെ അങ്ങോട്ട് പോയി.
             പോകുന്ന വഴിയിൽ അതാ എതിരെ ഒരു സഞ്ചി നിറയെ സാധനങ്ങളുമായി ഉണ്ണൂലി വരുന്നു. ഞാൻ ബൈക്ക് നിർത്തി. ഉണ്ണൂലി കുറച്ചു സമയമെടുത്തെന്നു തോന്നുന്നു എന്നെ മനസിലാക്കാൻ. “ആഹ്, കുട്ടിയാരുന്നോ, എനിക്ക് മനസിലായില്ലാട്ടോ. വരുമെന്ന് ഞാൻ വിചാരിച്ചിരുന്നു. മനുക്കുട്ടന്റെ വീട്ടിലേക്ക് ഞാൻ മനഃപൂർവം പോയില്ല. ഞാൻ കാരണം ഒരുപാട് ചീത്തപ്പേര് കേട്ടതാ ആ കുട്ടിക്ക് “. വേറെ എന്തെങ്കിലും അവൾ പറയുന്നതിന് മുൻപേ ഞാൻ ചോദിച്ചു “ആ ഗുഹ,  അവിടെയെങ്ങനാ അവൻ?  ആ സ്ഥലം അങ്ങനെയാരുടേം കണ്ണിൽ പെടാത്തതല്ലേ?. ഉണ്ണൂലിക്ക് മാത്രമല്ലേ ആ സ്ഥലത്തെക്കുറിച്ചറിയൂ?  “. ഉണ്ണൂലിയുടെ മുഖം വാടി. ഒരു അനിഷ്ടം മുഖത്തു വന്നു. “ കുട്ടിയെന്താ വിചാരിക്കണേ? ഞാൻ എന്തെങ്കിലും ചെയ്തെന്നാണോ? ആ സ്ഥലം ഇപ്പോൾ കഞ്ചാവടികാരുടേം കുടിയന്മാരുടേം കേന്ദ്രമാ . മനു ഇടക്കിടക്ക് അവിടെ പോകാറുണ്ടെന്ന് അറിയാമായിരുന്നു. മനുക്കുട്ടനെ കാണാതാവുന്നതിന് തലേന്ന് കവലയിൽ എന്തോ കശപിശ ഉണ്ടായിരുന്നു എന്നാ കേട്ടത്. അതിന്റെ എന്തെങ്കിലും ബാക്കിയായിരിക്കും “.  ഞാൻ അധികമൊന്നും സംസാരിക്കാൻ  നിക്കാതെ ബൈക്കെടുത്ത് നീങ്ങി. മിററിൽ ഉണ്ണൂലിയെ എനിക്ക് കാണാമായിരുന്നു. ഞാൻ കാഴ്ച്ചയിൽ നിന്ന് മറയുന്നത് വരെ അവളെന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾ കരയുകയായിരുന്നോ?  അറിയില്ല. 
   രാത്രി എനിക്ക് ഉറക്കം വരുന്നതേ ഇല്ല. ഓരോന്നാലോചിച്ചുകിടന്ന് മനസ്സിൽ ചെറിയൊരു പേടി വരുന്നതുപോലെ. പണ്ട് ഞങ്ങൾ മൂന്നുപേരും കിടന്നുറങ്ങാറുള്ള മുറിയിലാണ് ഞാൻ കിടന്നത്. ആ പഴഞ്ചൻ ഫാനിന്റെ ശബ്ദം ഇപ്പോഴും പണ്ടത്തെ പോലെ തന്നെ. നല്ല നിലാവുണ്ട്. പെട്ടെന്ന് കറന്റ് പോയി. ഫാൻ നിന്നു. “ഉണ്ണിക്കുട്ടനെ ഞാൻ കൊണ്ടുപോകട്ടെ !” എന്ന ഉണ്ണൂലിയുടെ ശബ്ദം പെട്ടെന്ന് എന്റെ ചെവിയിൽ മുഴങ്ങിയ പോലെ. ഞാൻ പെട്ടെന്ന് പാതിമയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ട്. മോഹനേട്ടനാണ്. ഞാൻ അറ്റൻഡ് ചെയ്തു. 
   “ ഉണ്ണീ,  ദീപയെ കാണാനില്ലെടാ. രണ്ട് മൂന്ന് മണിക്കൂറായി. ഞാൻ ഒരുവിധം എല്ലായിടത്തും അന്വേഷിച്ചു നോക്കി. ഒരു വിവരവുമില്ല. അങ്ങോട്ടെങ്ങാനും വന്നോ? “ ഞാൻ വാച്ചിൽ നോക്കി. മണി പന്ത്രണ്ടായിരിക്കുന്നു. “ അത്താഴം കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകാൻ അടുക്കളയിൽ കേറിയതാ. ഞാനൊരു കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്യാൻ വേണ്ടി ഉമ്മറത്തേക്ക് ഇറങ്ങി. തിരിച്ചു വന്നപ്പോൾ അടുക്കള വാതിൽ തുറന്നു കിടക്കുന്നു “ കുട്ടിക്കാലത്ത് എന്നെ പിടികൂടിയ അതേ ഭയം തിരിച്ചു വന്നു. “ഞാൻ അങ്ങോട്ട് വരാം മോഹനേട്ടാ “ എന്നും പറഞ്ഞു ഫോൺ വച്ചു. താഴെയുള്ള ഒരു മുറിയിലാണ് തറവാട് നോക്കിനടത്താൻ ഏല്പിച്ചിരുന്ന കുടുംബം താമസിക്കുന്നത്. ഞാൻ പുറത്തുപോയി ഉടനെ മടങ്ങിവരാമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി. ബൈക്ക് സ്റ്റാർട്ടാക്കി. പോകുന്ന വഴിക്ക് ഇടവഴിയിൽ കൂടെ പോയാൽ ഉണ്ണൂലിയുടെ വീട്ടിലെത്താം. ഒരു അന്വേഷണ ത്വര എന്നെ പിടികൂടി. നേരെ ഉണ്ണൂലിയുടെ വീട്ടിലേക്ക് പോയി. 
     പണ്ടത്തെ പനയോല മേഞ്ഞിരുന്ന മേൽക്കൂര മാറ്റി ഓടിട്ടിരിക്കുന്നു. നന്നായിതേച്ച് വൈറ്റ് വാഷ് അടിച്ചിട്ടുണ്ട്‌. വേറെ ഒരനക്കവുമില്ല. ഞാൻ ചെന്ന് വാതിലിൽ തട്ടി. രണ്ട് മൂന്ന് പ്രാവശ്യം മുട്ടിയപ്പോൾ, ആരാ എന്ന ചോദ്യം അകത്തു നിന്നും വന്നു. ഉണ്ണൂലി തന്നെ. “ഞാനാ ഉണ്ണി “ എന്ന് മറുപടിയും കൊടുത്തു. പുറത്തെ ഒരു ബൾബ് തെളിഞ്ഞു. അകത്തും ഒരു ബൾബ് കത്തി. ഉറക്കച്ചടവോടെ ഉണ്ണൂലി വാതിൽ തുറന്നു. “എന്താ കുട്ട്യേ ഈ സമയത്ത്?  എന്ത് പറ്റി? “ ഞാൻ സർവശക്തിയുമെടുത്ത് ഉണ്ണൂലിയെ തള്ളി വീടിന്റെ അകത്തു കയറി. എന്റെ പിന്നിൽ കതകടച്ചു. “സത്യം പറയണം മനുക്കുട്ടനെ നിങ്ങളെന്താ ചെയ്തത്?  എന്റെ ദീപേച്ചിക്ക് എന്താ പറ്റിയത്? “ ഞാൻ ഒരു ഭ്രാന്ത്‌ പിടിച്ച അവസ്ഥയിലായിരുന്നു. “എന്താ കുട്ട്യേ ഈ പറേണത് ! എനിക്കൊന്നും മനസ്സിലാകുന്നില്ല “  ഉണ്ണൂലി എന്റെ മുഖഭാവം കണ്ട് പേടിച്ച മട്ടാണ്. “ പണ്ട് മുത്തശ്ശി പറഞ്ഞതാ ശരി. ഉണ്ണൂലിക്ക് ഞങ്ങളുടെ ജീവനാ വേണ്ടത് “ ഞാൻ ഉണ്ണൂലിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു. ശ്വാസം കിട്ടാനാകാതെ ഉണ്ണൂലിയുടെ കണ്ണുകൾ തള്ളി വന്നു. പതിയെ പതിയെ ഉണ്ണൂലിയുടെ ശരീരം തളരുന്നത് ഞാനറിഞ്ഞു. ഉണ്ണൂലിയുടെ കണ്ണുകൾ പതുക്കെ അടഞ്ഞു വന്നു. ഞാൻ പിടി വിട്ടു. ഉണ്ണൂലി നിലത്തേക്ക് വീണു. എന്റെ അർദ്ധ ബോധാവസ്ഥയിൽ നിന്ന് ഞാൻ തിരിച്ചെത്തി. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ. ഞാൻ കുനിഞ്ഞിരുന്ന് ഉണ്ണൂലിയുടെ മൂക്കിന് മുൻപിൽ വിരൽ വച്ചു നോക്കി. ഭാഗ്യം ശ്വാസമുണ്ട്. 
     പെട്ടെന്ന് എന്റെ തലയുടെ പിന്നിൽ എന്തോ പതിച്ചു. എന്തോ വച്ച് അടിച്ചതാണ്. ഞാൻ പതുക്കെ അവിടം തോറ്റു നോക്കി. ചോരയുടെ നനവ് എന്റെ കയ്യിൽ അനുഭവപ്പെട്ടു. ഞാൻ തിരിഞ്ഞു നോക്കി. ഒരു ഇരുമ്പ് ദണ്ഡുമായി ഉണ്ണൂലി എന്റെ പിന്നിൽ. അപ്പോൾ എന്റെ മുൻപിൽ കിടക്കുന്നത്?  അതാരാ? എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്റെ കണ്ണുകൾ മങ്ങിത്തുടങ്ങുന്നു. തല കറങ്ങുന്നത് പോലെ. ബോധം മറയുകയാണ്. ഞാൻ നിലത്തേക്ക് വീണു. ഉണ്ണൂലി പതുക്കെ കുനിഞ്ഞു എന്റെ ചെവിയിൽ സ്വകാര്യം പറയുന്നത് പോലെ മന്ത്രിച്ചു “ഞാൻ പറഞ്ഞില്ലേ, ഉണ്ണിക്കുട്ടനെ കൊണ്ടുപോകുമെന്ന് !” എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ മിടിക്കാൻ തുടങ്ങി. എന്റെ ബോധം മറഞ്ഞു. 

    എന്റെ ബോധം തെളിഞ്ഞപ്പോൾ ഞാൻ ചുറ്റും നോക്കാൻ ശ്രമിച്ചു. ഒരു പാറയുടെ മുകളിലാണ് ഞാൻ കിടക്കുന്നത്. ചുറ്റിലും പന്തങ്ങൾ കത്തിച്ചുവച്ചിട്ടുണ്ട്. എന്റെ ചുറ്റിലും നല്ല ചുവന്ന പട്ടുചുറ്റിയ സ്ത്രീകൾ നിൽക്കുന്നു. എന്നെ ഭീതിപ്പെടുത്തിയ മറ്റൊരു കാര്യം എന്തെന്ന് വച്ചാൽ എല്ലാവർക്കും ഒരേ മുഖമായിരുന്നു. ഉണ്ണൂലിയുടെ. എല്ലാവർക്കും ഏകദേശം ഒരേ പ്രായവും. ഞാൻ വിയർക്കാൻ തുടങ്ങി. എന്റെ ഉള്ളിൽ നിന്നും ശബ്ദമൊന്നും പുറത്തേക്ക് വരുന്നില്ല. എനിക്കുറക്കെ സഹായത്തിനു വിളിക്കണമെന്നുണ്ട്. പക്ഷെ ശരീരം മരവിച്ചു പോയിരിക്കുന്നു. കൂട്ടത്തിൽ നിന്നും ഒരു സ്ത്രീ മുന്നോട്ട് വന്നു. അവളുടെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നു. ഞാൻ പതുക്കെ ആ സ്ഥലം തിരിച്ചറിഞ്ഞു. അത് ആ ഗുഹയാണ്. ഗുഹക്കുള്ളിലൂടെ ഒഴുകുന്ന ചെറിയ അരുവിയുടെ ശബ്ദം കേൾക്കാം. മറ്റു സ്ത്രീകൾ എന്തൊക്കെയോ ജപിച്ചു തുടങ്ങി. ഉണ്ണൂലി കുനിഞ്ഞു എന്റെ മുഖത്തിന്റ അടുത്തെത്തി. അവളുടെ ചുടുശ്വാസം എന്റെ മുഖത്ത് പതിക്കുന്നു. “ഉണ്ണിക്കുട്ടൻ എന്തിനാ എന്നെ കൊല്ലാൻ നോക്കിയത്? എനിക്ക് മരണമില്ലെന്നറിയില്ലേ? “ അവൾ പതുക്കെ ആ വാൾ എന്റെ കഴുത്തിൽ വച്ചു. ശരീരത്തോടൊപ്പം എന്റെ മനസും മരവിച്ചു പോയിരിക്കുന്നു. ഇരുമ്പ് കണ്ഠനാളം മുറിക്കുന്ന തണുപ്പ് മാത്രമേ എനിക്ക് അനുഭവപ്പെട്ടുള്ളൂ. വേദനയില്ല. ചീറ്റിത്തെറിക്കുന്ന ചുടുരക്തം ശരീരത്തെ നനക്കുന്നത് ഞാൻ അറിഞ്ഞു. ഉണ്ണൂലി ആ കൽപീഠത്തിൽ നിന്നും എന്നെ തള്ളി താഴെക്കിട്ടൂ. ഞാൻ ഉരുണ്ട് ആ അരുവിയിലേക്ക് വീണു. വെള്ളത്തിൽ കലർന്ന രക്തം ഒഴുകുന്നത് എനിക്ക് കാണാം. അല്പം ദൂരെയായി അരണ്ട വെളിച്ചത്തിൽ ആരോ അരുവിയിൽ കിടക്കുന്നത് കാണാം. അത് ദീപച്ചേച്ചിയാണ്. ചേച്ചിയുടെ കണ്ണുകൾ തുറന്നിരിക്കുന്നു. കഴുത്ത് മുറിഞ്ഞ രക്തം വെള്ളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. എന്റെ രക്തം ഒഴുകി ചേച്ചിയുടെ മുഖത്ത് തളം കെട്ടിക്കൊണ്ടിരിക്കുന്നു. 
     ആ കാഴ്ച കാണാൻ വയ്യാതെ ഞാൻ എന്റെ കണ്ണുകൾ ഇറുക്കിയടച്ചു. 

Comments

Post a Comment