ഒരു ന്യൂ ജെൻ കല്യാണക്കഥ

“വയസ് 30 കഴിഞ്ഞില്ലേ.. ഇനിയും വെച്ച് താമസിപ്പിച്ചാൽ പെണ്ണ് കിട്ടില്ല ട്ടോ “.   രണ്ട് വർഷം മുൻപേ കേൾക്കാൻ തുടങ്ങിയതാണ്. അന്ന് വലത്തേ ചെവിയിൽ കൂടെ കേട്ട് ഇടത്തെ ചെവിയിൽ കൂടെ കളഞ്ഞു. കഴിഞ്ഞ വർഷം അവസാനം നാല് ഭാഗത്തുനിന്നും ഈ കമെന്റുകളുടെ പ്രവാഹമായിരുന്നതുകൊണ്ട് രണ്ടും കല്പിച്ചു രണ്ട് ‘പ്രമുഖ (അതാണല്ലോ ഇപ്പോഴത്തെ രീതി – പേര് പറയാൻ പാടില്ല )’ മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തു. അത്യാവശ്യം തടിയുള്ളതുകൊണ്ട് ‘ഫുൾ ഫിഗർ ‘ ഫോട്ടോയൊന്നും ഇട്ടുമില്ല. 
“കൊള്ളാം ! പൊളി സാനം”.  നാളെമുതൽ കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് എന്നെത്തേടിവരുന്ന ലക്ഷക്കണക്കിന് കോളുകൾ സ്വപ്നം  കണ്ട് ഞാൻ കിടന്നുറങ്ങി. ദിവസം ഒന്നല്ല, അഞ്ചാറ് കഴിഞ്ഞു. സ്ഥിരമായി വിളിക്കാറുണ്ടായിരുന്ന കസ്റ്റമർ കെയറിലെ പെൺകൊച്ചു പോലും ബ്ലോക്ക്‌ ചെയ്തു പോയെന്നാ തോന്നുന്നത് .മാട്രിമോണിയിൽ ഫുൾ ഹിസ്റ്ററി കിടക്കുവാണല്ലോ. ഇനി ഫോട്ടോയിലെങ്ങാനും തടി കൂടിയിട്ടാണോ? എന്തായാലും വേണ്ടില്ല നാളെ മുതൽ ഡയറ്റിങ്ങും എക്സർസൈസും തുടങ്ങിയിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെ അക്കാര്യത്തിലും ഒരു തീരുമാനമായി. രണ്ട് ദിവസം കൂടെ കഴിഞ്ഞപ്പോൾ ദാ വരുന്നു അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ. ലഡ്ഡു പൊട്ടിയ മനസോടെ കോൾ അറ്റൻഡ് ചെയ്തു. മറുതലക്കൽ ഒരു കിളിനാദം. “സാർ, ഞാൻ ‘പ്രമുഖ മാട്രിമോണി ‘യിൽ നിന്നുമാണ് വിളിക്കുന്നത് “.  
“ ഓ.. കോൺടാക്ട് ലിസ്റ്റിൽ ചേർക്കാൻ പുതിയ കസ്റ്റമർ കെയർ ആയല്ലോ “
“സർ, മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തിട്ട് എങ്ങനെയുണ്ട്?  റെസ്പോൺസ് ഒക്കെ വരുന്നുണ്ടല്ലോ അല്ലേ? “. ഇവൾ ഇനി ആക്കിയതാണോ? “ഇല്ല. ഞാൻ കാര്യമായി സെർച്ച്‌ ചെയ്ത് തുടങ്ങിയിട്ടില്ല. നോക്കണം “. 
“സർ, നിങ്ങൾക്ക് മാച്ചിങ് ആയ 6000 പ്രൊഫൈലുകൾ ഉണ്ട്. ഓരോന്നായി നോക്കിയിട്ട് ഇന്ററെസ്റ് അയക്കണം “ അവിടെ അവൾ ഒരു ബ്രേക്ക്‌ ഇട്ടു. “പക്ഷെ സാറിനു അവരെ കോൺടാക്ട് ചെയ്യണമെങ്കിൽ ഞങ്ങളുടെ 6 മാസത്തെ പ്ലാൻ സബ്സ്ക്രൈബ് ചെയ്യണം.വെറും 11000 രൂപയെ ഉള്ളൂ. “ കൊള്ളാല്ലോ പെങ്ങളെ. അതടച്ചാൽ അപ്പോൾ പെണ്ണ് കിട്ടുമോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. “എപ്പോഴാണ് സാർ പേയ്‌മെന്റ് ചെയ്യുന്നത്? “ 
“ചെയ്യാം. ഞാനൊന്നാലോചിക്കട്ടെ !” ജീവിതത്തിൽ ഞാൻ പോലും ആദ്യമായി കേൾക്കുന്ന ഒരു സീരിയസ് ടോണിൽ ഞാൻ മൊഴിഞ്ഞു. “സാർ ഇതല്ലാതെ ആകർഷകമായ മറ്റു പ്ലാനുകളുമുണ്ട്. സാറൊന്നു ചെക്ക് ചെയ്തു നോക്കു. ഞാൻ നാളെ വിളിക്കാം”. ഞാൻ കൃതാർത്ഥനായി കുട്ടീ. ഒരാളെങ്കിലും പിന്നെ  വിളിക്കാമെന്ന് പറഞ്ഞല്ലോ.  അങ്ങനെ ഞാൻ പ്രമുഖരുടെ പ്ലാനുകളിൽ കൂടെ കണ്ണോടിച്ചു. ലൈഫ് ടൈം പ്ലാൻ മാത്രമില്ല, ബാക്കിയെല്ലാമുണ്ട്. എന്തായാലും നാട്ടുനടപ്പനുസരിച്ച് ബ്രോക്കർക്ക് കൊടുക്കേണ്ട പൈസയല്ലേ. തരക്കേടില്ലാത്ത ഒരു പ്ലാൻ തന്നെ എടുത്തേക്കാം. യൂദാസ്ലീഹായെ മനസ്സിൽ വിചാരിച്ച് വല്യ തട്ടുകേടില്ലാത്ത ഒരു പ്ലാൻ എടുത്തു. ഇനിയെന്തായാലും പൊളിക്കും. ഇന്ന പ്ലാൻ എടുത്തയാളാണെന്നു ഹൈലൈറ് ചെയ്യപ്പെടുമല്ലോ. നാളെ മുതൽ കോളുകളുടെ പ്രവാഹമായിരിക്കും. ഒരു സിം കൂടെ എടുക്കേണ്ടി വരുമോ? അന്നും ലക്ഷക്കണക്കിന് കോൾ സ്വപ്നം കണ്ട് കിടന്നുറങ്ങി. 

അടുത്ത ദിവസം രാവിലെ ഒരു പത്തുമണിയായിക്കാനും. ദാ ഫോൺ കലപില ഉണ്ടാക്കുന്നു. കോഡ് കണ്ടിട്ട് കോട്ടയം ജില്ലയാണ്. കോട്ടയംകാരി തന്നെ. ആക്രാന്തം മൂത്തു സ്വൈപ് ചെയ്തപ്പോൾ കോൾ കട്ടായിപ്പോയി. ശ്ശെടാ, ഇങ്ങനെയുണ്ടോ?  ഞാൻ തന്നെ എന്നെ ഒരു മൂലക്ക് മാറ്റി നിർത്തിയിട്ട് രണ്ടെണ്ണം പൊട്ടിച്ചാലോ എന്ന് പോലും വിചാരിച്ചു. പെട്ടെന്നതാ അതേ നമ്പറിൽ നിന്നും പിന്നേം കോൾ വരുന്നു. തോറ്റ സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്ത് എതിർ പാർട്ടിക്കാർ പൊട്ടിക്കുന്ന പടക്കം പോലെ മിടിക്കുന്ന ഹൃദയവുമായി ഞാൻ ആ കോൾ എടുത്തു. 
      
      -----------------------------------------------------------------

മറുതലക്കൽ പിന്നേം ഒരു കിളിനാദം “സാർ ഞാൻ വീണ്ടും ‘പ്രമുഖ’ മാട്രിമോണിയൽ നിന്നുമാണ്”.  മലര് – മനുഷ്യന് പ്രതീക്ഷ കൊടുക്കുന്നതിനും ഒരതിരുണ്ട്. ആവശ്യം എന്റേതായിപ്പോയില്ലേ.  “പറയൂ പെങ്ങളേ “
“സാർ ഇന്ററെസ്റ് മെസ്സേജ് മാത്രം അയച്ചാൽ പോരാ. അവരുടെ നമ്പറിൽ വിളിക്കുകയും കൂടെ വേണം”.  അപ്പോൾ കഴിഞ്ഞ ദിവസം വരെ രജിസ്റ്റർ ചെയ്താൽ മാത്രം മതി  പിന്നെയെല്ലാം നിങ്ങളെ തേടിയെത്തും എന്ന് പറഞ്ഞതോ? “ശരി, ഇനി വിളിക്കാതിരുന്നിട്ട് എല്ലാം കല്ലത്തായി പോകണ്ട. കൊള്ളാവുന്ന ഒരു നാലഞ്ച് പ്രൊഫൈൽ നോക്കി നമ്പർ എടുത്തു. 
ചെസ്റ്റ് നമ്പർ 1 : കോട്ടയം.  വിളിച്ചു, നമ്മുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. “നിങ്ങൾ എവിടെയെന്നാ പറഞ്ഞത്? “ പെണ്ണിന്റെ അപ്പൻ ചോദിച്ചു 
“വയനാട് “
“ഓ, ഞങ്ങൾ അത്രേം ദൂരെക്കൊന്നും നോക്കുന്നില്ല “ – ഏത്?  പ്രിഫേർഡ് നേറ്റീവ് പ്ലേസ് കാനഡയും ഓസ്‌ട്രേലിയയും ആണ് പെണ്ണിന്റെ പ്രൊഫൈലിൽ. അതൊക്കെ തൊട്ടപ്പുറത്തെ പറമ്പിൽ കിടക്കുന്ന സ്ഥലങ്ങൾ ആണല്ലോ ! “എന്നാ ശരി. “ ഒരു ഗുഡ് ലക്കും പറഞ്ഞു ഫോൺ വച്ചു. 

ചെസ്റ്റ് നമ്പർ 2 : വയനാട്.  നാട്ടുകാരല്ലേ. വല്ല മുൻഗണനയും കിട്ടിയാലോ?  പെണ്ണിന്റെ അപ്പൻ അര മണിക്കൂറാണ് സംസാരിച്ചത്. വീട് നിൽക്കുന്ന പരിസ്ഥിതി ലോല മേഖലയിൽ നിന്ന് തുടങ്ങി ട്രംപിന്റെ മുടിയുടെ കളർ വരെ സംസാരത്തിൽ കടന്നു വന്നു. എല്ലാം കഴിഞ്ഞപ്പോൾ അങ്ങേര് കനത്ത ശബ്ദത്തിൽ പറയുകയാണ് “ഞങ്ങൾ ഗവണ്മെന്റ് ജോലിക്കാരെ മാത്രമേ നോക്കുന്നുള്ളു “.  പിന്നേ ഇത്രേം നേരം എന്റെ പൊതുവിജ്ഞാനം അളന്നത് എന്തിനാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ഒരു ഗുഡ് ബൈ പറഞ്ഞ് അതും വച്ചു. 
ചെസ്റ്റ് നമ്പർ 3: കണ്ണൂർ. ഇത്തവണ ഒരു വെറൈറ്റിയ്ക്ക് പെൺകുട്ടിയുടെ അമ്മയാണ് ലൈനിൽ വന്നത്. “മോളിപ്പോ സൗദിയിൽ നേഴ്സ് ആണ്”.  ഉവ്വോ?  നന്നായി. അതാകുമ്പോ എല്ലാക്കാലത്തും ജോലിയുണ്ടാകുന്ന ഒരു പ്രൊഫഷൻ ആണല്ലോ. എനിക്കും കുറച്ച് ഇന്ററെസ്റ് ആയി.  “പക്ഷെ കല്യാണം കഴിഞ്ഞാൽ അവൾ പിന്നെ ജോലിക്ക് പോകുന്നില്ലെന്നാ പറഞ്ഞേ .Pപിള്ളേരുടെ ഓരോ താല്പര്യങ്ങളല്ലേ. ഞങ്ങൾക്കും മറിച്ചൊരഭിപ്രായമില്ല “.  ഞാൻ ഒരു മാതിരി ഷോക്കടിച്ച അവസ്ഥയിലായിപ്പോയി. ലക്ഷങ്ങൾ ചിലവാക്കി പ്രൊഫഷണൽ കോഴ്സ് പഠിച്ചിറങ്ങിയിട്ട് ഇനി പണി വേണ്ടാന്ന് പറയുന്ന മനുഷ്യരോ?  അതും സാമ്പത്തികമായി ഇടത്തരം കുടുംബത്തിൽ വളർന്നവർ. ആ പെൺകുട്ടിയാണ് എന്നോടിത് പറഞ്ഞിരുന്നതെങ്കിൽ ഈ ജന്മം പഠിച്ച തെറി മുഴുവൻ കൂട്ടിച്ചേർത്തു ഞാനൊന്ന് ഉപദേശിച്ചേനെ. ഇതിപ്പോ പെണ്ണിന്റെ അമ്മ തന്നെ പറയുമ്പോൾ എന്ത് ചെയ്യാനാ?  ഞാൻ അവിടെ സുല്ലിട്ടു. 
   ബാംഗ്ലൂർ പോലൊരു മഹാനഗരത്തിൽ ജോലി ചെയ്യുന്ന എല്ലാവർക്കുമറിയാം അവിടുത്തെ ജീവിതച്ചിലവ്. അതിന്റെയിടക്ക് ഞാൻ പണിയൊന്നും ചെയ്യൂല്ലന്നു പറഞ്ഞു ഒരാൾ കച്ച കെട്ടിയിറങ്ങിയാലോ?  ഇങ്ങനെയുള്ള ചില വിളികളിൽ നിന്നും പെണ്ണുകെട്ടാനുള്ള താല്പര്യം ചെറുതായി കുറഞ്ഞു തുടങ്ങി. പോരാത്തതിന് മാട്രിമോണിയൽ നിന്നും എനിക്കുവേണ്ടി നമ്പറെടുത്ത് വിളിച്ചു തുടങ്ങിയ ഒരു കൂട്ടുകാരന് അങ്ങനെ പെണ്ണുകിട്ടി. ആ മുടക്കിയ പൈസക്ക് ഒരാൾക്കെങ്കിലും ഉപകാരം ഉണ്ടായല്ലോ. നന്നായി !

     അങ്ങനെ മാസങ്ങൾ കടന്നുപോയി. തലയിലെ മുടി നരക്കുന്ന സ്പീഡിലാനി നാട്ടിൽ വികസനങ്ങൾ വരുന്നത്. വീടിന്റെ മുൻപിലെ പൊട്ടിപ്പൊളിഞ്ഞ ടാർ റോഡ് പത്താമതും ടാറിട്ടു. വാർഡ് മെമ്പർ പുതിയ കച്ചവടം തുടങ്ങി. അയല്പക്കത്തെ ചാണ്ടിയപ്പൂപ്പൻ ആൾറെഡി ബംഗ്ലാവ് പോലിരുന്ന വീട് പിന്നേം പുതുക്കിപ്പണിതു കൊട്ടാരം പോലെയാക്കി.  ആകെ അങ്ങേരും കെട്ട്യോൾ ത്രേസ്യാക്കുട്ടിയും പിന്നേ രണ്ട് പട്ടികളുമേ അവിടെയുള്ളു. അങ്ങേർക്കൊക്കെ എന്തുമാകാല്ലോ. മക്കൾ ഒക്കെ ട്രംപിന്റെ നാട്ടിലാണേ ! ഞാനിപ്പോ പതിവുപോലെ എല്ലാ വീകെൻഡും വീട്ടിൽ വരും,  ഞായറാഴ്ച്ച ഇടവക പള്ളിയിൽ പോയി കുർബാന കാണും രാത്രി തിരിച്ചു വണ്ടി കേറും. ഇതങ്ങനെ റിപീറ്റ് ആണ്. 

    അങ്ങനെ ദൈവ വിചാരമൊക്കെ കൂടി വന്ന സമയം. അപ്പോഴാണ് രണ്ടുമൂന്നാഴ്ചയായി പള്ളിയിൽ പുതിയൊരു പെങ്കൊച്ച് പ്രത്യക്ഷപ്പെട്ടത്. ഞാനൊന്ന് നോക്കി,  അവളെന്നേയും നോക്കി. പിന്നെ അതുകണ്ട പള്ളിയിൽ കൂടിയ മനുഷ്യന്മാർ എന്നെ നോക്കാൻ തുടങ്ങിയപ്പോൾ ഞാൻ നോട്ടം നിർത്തി.  പള്ളിയിലെ പ്രശസ്തനായ ഒരു കോഴി യൂത്താനോട് ചോദിച്ചപ്പോഴാണ് അത് ചാണ്ടിയപ്പൂപ്പന്റെ കൊച്ചുമോളാണെന്നറിഞ്ഞത് – യു എസ്സിൽ നിന്നും വന്നതാണത്രേ. ശ്ശെടാ എന്നാലും തൊട്ടപ്പുറത്തെ വീട്ടിലുണ്ടായിട്ടും ഞാനിപ്പോഴാണോ അറിയുന്നത്? ഒത്താൽ ഒരു അമേരിക്കൻ വിസ കിട്ടും.  പണ്ട് നാലാം ക്‌ളാസിൽ പഠിച്ചിരുന്നപ്പോൾ കൂടെപ്പഠിച്ച പെങ്കൊച്ചിനു കത്ത് കൊടുക്കാൻ ഉണ്ടായ ധൈര്യം ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ കൊതിച്ചുപോയി.  പക്ഷെ ‘നാട്ടിൽ മാത്രം’ എനിക്കുള്ള സൽപ്പേരും,  ജന്മനാ പെൺപിള്ളേരോട് അങ്ങോട്ട്‌ പോയി മുട്ടാനുള്ള മടിയും കൊണ്ട് എന്റെ വികാരങ്ങളെയൊക്കെ അടക്കി നിർത്തി ആ ആഴ്ചയും ഞാൻ ബാംഗ്ലൂർക്ക് വണ്ടി കേറി. 
   
    പിന്നെ ജോലിസ്ഥലത്ത് ഒന്ന് പയറ്റി നോക്കാമെന്നു വിചാരിച്ചു. അത്യാവശ്യം മനസിന്‌ പിടിച്ച ഒരു പെൺകുട്ടിയോട് പരിചയമായി വരുമ്പോഴേക്കും ഒന്നുകിൽ അവർക്ക് പുതിയ ബോയ്ഫ്രണ്ടിനെ കിട്ടും അല്ലെങ്കിൽ അവരുടെ കല്യാണം നടക്കും. എന്നോട് കമ്പനി കൂടിയാൽ ഇങ്ങനെ നടക്കുമെന്ന് ഒരു കരക്കമ്പി പരന്നതുകൊണ്ട് സിംഗിളായി ചൊറിയും കുത്തിയിരുന്ന പെൺപിള്ളേർ എന്റെ കമ്പനിക്കുവേണ്ടി ക്യു നിൽക്കുന്നു എന്ന അവസ്ഥ വന്നപ്പോൾ ഞാൻ തന്നെ പിന്നേം ഒന്നൊതുങ്ങി. ഇപ്പോൾ ആകെയുള്ള ഒരു സന്തോഷം വെള്ളിയാഴ്ചകളിൽ നാട്ടിലേക്കുള്ള പോക്ക് മാത്രമാണ്. സ്ഥിരം പോകുന്ന കെ എസ് ആർ ടി സി ബസും അതിൽ കൂടെ വരുന്ന സ്ഥിരം ആൾക്കാരുമൊക്കെയായി അങ്ങനെ പോയി വന്ന കാലം. ഇത്രയും കാലമായിട്ടും ജന്മനാ ഉള്ള ഭാഗ്യം  കൊണ്ട് അടുത്തുള്ള സീറ്റിൽ ഒരു പെൺകുട്ടി പോലും വന്നിരുന്നിട്ടില്ല.
   അങ്ങനെ ആ വെള്ളിയാഴ്ചയും രാത്രി ഒമ്പതരക്കുള്ള കോഴിക്കോട് സൂപ്പർ എക്സ്പ്രസ്സിൽ എന്റെ സ്ഥിരം സീറ്റിൽ കേറിയിരുന്നു. പുറത്ത് നല്ല മഴയുണ്ട്. ഇന്നേതു കാലമാടനാണാവോ വരാൻ പോകുന്നത് ! ഇതുവരെ മര്യാദക്ക് ഒന്നുറങ്ങി നാട്ടിലെത്താൻ പറ്റിയിട്ടില്ല. ബസ് ഏകദേശം ഫുള്ളായി. ഇനി ആരും കേറാനില്ലെന്നും തോന്നുന്നു . സ്ഥിരമായി കൂടെ വരുന്നവർ ആരുമില്ല. അറിയപ്പെടാത്ത മുഖങ്ങളാണധികവും. കണ്ടക്ടർ ആരെയോ വിളിച്ചു ചീത്ത പറയുന്നുണ്ട്. “ഇപ്പോൾ തന്നെ കാൽ മണിക്കൂർ വൈകി. ഞങ്ങൾ ഇപ്പോൾ വണ്ടിയെടുക്കും “.  അതും പറഞ്ഞു ഫോൺ cut ചെയ്ത് ഡ്രൈവറോട് പറഞ്ഞു “ഒരു പത്തു മിനിറ്റ് കൂടെ നോക്കാം. മഴയല്ലേ ! പോരാത്തതിന് പെൺകുട്ടിയുമാണ് “.  നമ്മുടെ ബാംഗ്ലൂർ റൂട്ടിലോടുന്ന  ആനവണ്ടി ജീവനക്കാരുടെ കരുതൽ അറിയാവുന്ന എനിക്ക് അതൊരു അത്ഭുതമായി തോന്നിയില്ല. പക്ഷെ എന്റെ പുറകിൽ ഇരുന്ന ചിലർ അസ്വസ്ഥത പ്രകടിപ്പിച്ചു ഡയലോഗ് തുടങ്ങിയിരുന്നു.  ഞാനൊന്ന് മൊത്തത്തിൽ നോക്കി. എന്റെ അടുത്തുള്ള സീറ്റ്‌ മാത്രമേ കാലിയായിട്ടുള്ളു. അപ്പൊ അതാണ് കാര്യം. 

   മുൻപിൽ കണ്ടക്ടർ ആരോടോ ദേഷ്യപ്പെടുന്നത് കേൾക്കാം. സ്വന്തം പൊക്കത്തിന്റെ ഒപ്പം ഉയരമുള്ള ബാഗുമായി ഒരു പെൺകുട്ടി ഓടിക്കേറി വന്നു. ഷാൾ കൊണ്ട് തല മൂടിയിട്ടുണ്ട്. സീറ്റിന്റെ നമ്പർ നോക്കിയിട്ട് എന്നോട് പറഞ്ഞു “വിൻഡോ സീറ്റ്‌ എന്റെയാ “.
      “അയ്ന്? “ എന്ന മറുപടിയാണ് ആദ്യം മനസ്സിൽ വന്നതെങ്കിലും ജന്മനാലുള്ള അപകർഷതാബോധം കൊണ്ട് ഒന്നും മിണ്ടാതെ വിൻഡോ സൈഡിലേക്ക് പോകാൻ വഴിമാറിക്കൊടുത്തു. ആദ്യമായിട്ടാണ് ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് പോകാൻ ബുക്ക്‌ ചെയ്തപ്പോൾ ഒരു പെണ്ണ് വന്നടുത്തിരിക്കുന്നത്. അവളാണെങ്കിൽ ഞാൻ അവളുടെ സ്വർണം പണയം വെക്കാൻ ചോദിച്ചത് പോലെയാണ് എന്നോട് മിണ്ടിയത്.  എനിക്കൊന്നും വേണ്ടമ്മോ നിന്റെ വിന്ഡോ സീറ്റ്‌. 
  ബസ് സ്റ്റാൻഡിന്റെ പുറത്തെത്തി. ഞാൻ പതുക്കെ ഹെഡ്‌ഫോണും ചെവിയിൽ കുത്തിക്കേറ്റി സീറ്റ്‌ ചെരിച്ചു. “എന്നെ മനസ്സിലായോ? “. അവളുടെ ചോദ്യം പെട്ടെന്നായിരുന്നു. ഇതേതപ്പാ കോതമംഗലം എന്ന് വിചാരിച്ച് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. നല്ല പരിചയം. അവൾ തല  മൂടിയ ഷാൾ മാറ്റി എന്നെ നോക്കി ക്ലോസപ്പിന്റെ പരസ്യം പോലെ ചിരിച്ചു. ഒരു തരിപ്പ് എന്റെ പെരുവിരലിൽ നിന്നും അരിച്ചു കയറി. 
“ഇതവളാ…. “
       --------------------------------------------------------------

 ‘അവൾ ചാണ്ടിയുടെ കൊച്ചുമോൾ’ – അമേരിക്കക്കാരി. ഇവൾ നാട്ടിലല്ലായിരുന്നോ.?  ഇങ്ങോട്ട് എപ്പോൾ വണ്ടി പിടിച്ചു? 
“ഹായ്,  നമ്മൾ നാട്ടിൽ വച്ചു കണ്ടിട്ടുണ്ട്. നിങ്ങളുടെ നെയ്‌ബർ - ചാണ്ടി,  ഹീ ഈസ്‌ മൈ ഗ്രാൻഡ്‌ഫാദർ “ ഒരു ഇംഗ്ലീഷ് ചുവയുള്ള മലയാളത്തിൽ അവൾ പറഞ്ഞു. “ഞാൻ യൂ എസ്സിലായിരുന്നു. ഇപ്പോൾ ഒരു സിക്സ് മന്ത് കോഴ്സ് ചെയ്യാൻ വന്നതാണിവിടെ. പിന്നെ കുറച്ചുകാലം നാട്ടിലെ റിലേറ്റീവ്‌സിന്റെ കൂടെ നിക്കാല്ലോ. ബൈ ദി വേ ഇവിടയാർന്നോ വർക്ക്‌ ചെയ്യുന്നത്? “
  “അതേ. “ വേറെന്തൊക്കെയോ പറയണമെന്നും ചോദിക്കണമെന്നുമുണ്ടായിരുന്നു. പക്ഷെ ഒന്നും പുറത്തേക്ക് വരുന്നില്ല. 
“ ആം ആൻ മരിയ “. – വൗ, നല്ല വെറൈറ്റി പേര്. ഇത് ഈ യൂ എസ്സിൽ നിന്നും വരുന്നവർക്ക് മാത്രം എങ്ങനെ കിട്ടുന്നു എന്നാണ് ഞാൻ ആലോചിച്ചത്. പിന്നെ ഒരു രണ്ട് മണിക്കൂർ റേഡിയോ ഓണാക്കിയതുപോലെ എന്നോടെന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നു. ആദ്യമായി ഒരു പെണ്ണ് ഇങ്ങനെ എന്നോട് സംസാരിക്കുന്നത് കേട്ടുകൊണ്ട് ഞാൻ വായും പൊളിച്ചിരുന്നു. വണ്ടി അങ്ങനെ മൈസൂർ എത്തി. അവൾ റേഡിയോ ഓഫാക്കി സീറ്റ്‌ ചരിച്ച് ഉറങ്ങാൻ കിടന്നു. സാധാരണ ബാംഗ്ലൂരിൽ നിന്നും തന്നെ ഉറക്കം പിടിക്കുന്ന എന്റെ ഉറക്കം പോയി. 
   ഇറങ്ങേണ്ട സ്റ്റോപ്പെത്തുന്നതിന്റെ ഒരു അര മണിക്കൂർ മുൻപേ ഞാൻ മജീദിനെ വിളിച്ചു. എന്റെ കൂടെ പത്താം ക്ലാസ്സുവരെ പഠിച്ചവനാണ്. ഇപ്പോൾ ടൗണിൽ ഓട്ടോ ഓടിക്കുന്നു. അവനാണിപ്പോൾ എന്റെ ശനിയാഴ്ച രാവിലെയുള്ള സ്ഥിരം സാരഥി. “ ടാ,  കല്പറ്റയെത്തി. നീ സ്റ്റാൻഡിലേക്ക് വാ “.  പെങ്കൊച്ച് കിടന്നു നല്ല ഉറക്കമാണ്. പോരാത്തതിന് ഉഷാർ കൂർക്കം വലിയും. ഞാനടക്കം ചുറ്റുമുള്ള ഒരു മൂന്നാലു സീറ്റിലെ ആൾക്കാരുടെ ഉറക്കം പോയിക്കിടക്കുകയാണ്. ആണുങ്ങൾ കൂർക്കം വലിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്ര ചെറുപ്പക്കാരിയായ ഒരു പെൺകുട്ടി ഇങ്ങനെ കൂർക്കം വലിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്. ഞാൻ അവളെ പതുക്കെ തട്ടി വിളിച്ചു. “ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്താനായി. വീട്ടീന്ന് ആരേലും കൂട്ടാൻ വരുമോ? “
    “ഹേയ്, ഞാനാരോടും പറഞ്ഞിട്ടില്ല ഇന്ന് വരുമെന്ന്. അല്ലെങ്കിലും വയസാംകാലത് വല്യപ്പൻ എങ്ങനെ വരാനാ ഈ വെളുപ്പിന്!” അടിപൊളി. “പിന്നെ എന്ത് ധൈര്യത്തിലാ ഈ സമയത്ത് ഒറ്റക്കിവിടെ വന്നിറങ്ങുമെന്ന് അറിഞ്ഞിട്ടും പോന്നത്. അമേരിക്കയല്ല ഇവിടം. “ അത്രയേ എന്റെ വായിൽ നിന്നും വന്നുള്ളൂ. 
“ഓ… അതൊന്നും സാരമല്ലെന്നേ. ഞാൻ അവിടെ ഒരുപാട് ബുള്ളിയിങ് ഒക്കെ കണ്ടും ശീലിച്ചുമാ വളർന്നത്. ഇവിടെയൊന്നും അങ്ങനെയല്ലല്ലോ. എന്തായാലും ഇനിമുതൽ എനിക്കൊരു കമ്പനിയുമായല്ലോ. എല്ലാ ആഴ്ചയും വരാൻ “. അതൊരു യു എസ് വിസാ ഓഫറാണോ എന്നുപോലും ഞാൻ സംശയിച്ചു. വരുന്നത് വരട്ടെ. കിട്ടിയാൽ ഊട്ടി. ഇല്ലെങ്കിൽ ചട്ടി.
    സ്റ്റോപ്പിൽ ഇറങ്ങി. മജീദ് കാത്തു നിപ്പുണ്ട്. കൂടെ ഒരു പെൺകുട്ടിയെ കൂടെ കണ്ടതുകൊണ്ട് അവന്റെ മുഖത്തൊരു ഞെട്ടലുണ്ടായോ എന്നൊരു സംശയം. “ടാ, ഇത് നമ്മുടെ വീടിന്റെ അടുത്തുള്ള ചാണ്ടിച്ചന്റെ കൊച്ചുമോളാ. ഞങ്ങൾ ഒരേ വണ്ടിക്കാ അവിടുന്ന് കേറിയത്. എന്തായാലും പോകുന്ന വഴിക്ക് ഇവളെയും ഡ്രോപ്പ് ചെയ്യാമല്ലോ “.  അവനൊന്നും മിണ്ടിയില്ല. ഇതെന്തു പറ്റി? അവന്റെ മുഖമാകെ ഷോക്കടിച്ചതുപോലെയുണ്ട്. ഓട്ടോ സ്റ്റാൻഡിന്റെ മുൻപിലെ തട്ടുകടയിൽ കൂടി നിന്നവരും ഒരു മാതിരി ചൂഴ്ന്നു നോക്കുകയാണ്. മജീദ് ഓട്ടോ സ്റ്റാർട്ട്‌ ആക്കി. ഉള്ളിൽ ഒരു പബ്ബിലുള്ള ലൈറ്റിംഗ് ഉണ്ട്. “ വൗ അമേസിങ് “ അവളുടെ കംപ്ലിമെന്റ്റ് കിട്ടിയിട്ടായിരിക്കും മജീദിന്റെ മുഖമൊന്ന് തെളിഞ്ഞു. ഇത് ഇവന്റെ മാത്രമല്ല,  കേരളത്തിൽ ഓട്ടോ ഓടിക്കുന്ന ഒരുവിധം എല്ലാ ചെറുപ്പക്കാരുടെയും ഓട്ടോയുടെ ഉൾവശം ഇരുട്ടിയാൽ ഇതുപോലെയാണ്. ഞാൻ തന്നെ ചിലപ്പോൾ അവന്റെ ഓട്ടോ കണ്ട് ഒരു കല്യാണവീട് ഒഴുകിവരുന്നതാണോ എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്.  അവളുടെ വീടിന്റെ മുൻപിൽ ഇറങ്ങാൻ നേരം ഒരു നൂറു രൂപ നോട്ട് എന്റെ നേരെ നീട്ടി. “നമുക്ക് ഷെയർ ചെയ്യാമല്ലോ “. 
“ഹേയ് അതിന്റെയൊന്നുമാവശ്യമില്ല. ഞാൻ ഒരു ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഇവനെ ഇങ്ങനെ കൊണ്ടുവിടുന്നതാ, പൈസയൊന്നും ഞാൻ വാങ്ങാറില്ല “ മജീദ് ഒരു വളിഞ്ഞ ചിരിയോടെ അവളോട് പറഞ്ഞു. കള്ള ബടുവ, ഞാൻ എല്ലാ പ്രാവശ്യവും അവന് നൂറുരൂപ കൊടുക്കുന്നതാണ് സാധാരണ മുപ്പതു  രൂപയുടെ ഓട്ടമേ ഉള്ളൂ. എന്നാലും വെളുപ്പിനെല്ലാം ഓട്ടോക്കാർ അൻപത് വാങ്ങും. എന്നെ പിക്ക് ചെയ്യാൻ വേണ്ടി വരുന്നതൊന്നുമല്ല അവൻ. എന്നും വെളുപ്പിന് സ്റാൻഡിലുണ്ടാകുന്നതാണ്. “ഓക്കേ. താങ്ക്സ്. അപ്പൊ സൺ‌ഡേ റിട്ടേൺ ഏത് ബസിനാ? “ ഞാൻ സ്ഥിരം പോകുന്ന ബസിന്റെ സമയം പറഞ്ഞു. “ ഓ ഗോഡ്,  വാട്ട്‌ എ കോയ്നസിഡൻസ്. ഞാനും അതേ ബസിനാ ബുക്ക്‌ ചെയ്തിരിക്കുന്നത്. ഡു വൺ തിങ്. ഗിവ് മി യുവർ നമ്പർ”. ഞാൻ കൊടുത്തു. “ഞാൻ വിളിക്കാം. ബൈ. “ അവൾ പോയി. ഞാൻ പതുക്കെ സ്വപ്നലോകത്ത് നിന്നും തിരിച്ചു വന്നു നേരെ മുൻപോട്ട് നോക്കി.  മുരുകനെ കണ്ട ഡാഡി ഗിരിജയെപ്പോലെ മജീദ് എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. “നീയെന്താടാ ഇങ്ങനെ നോക്കണത്? “ അവൻ ഒരു കള്ളച്ചിരിയോടെ ഓട്ടോ മുൻപോട്ടെടുത്തു. അന്നും നൂറു രൂപ വാങ്ങാൻ അവൻ ഒരു മടിയും കാണിച്ചില്ല. 
   വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയി. കുറച്ചു നേരം കിടന്നുറങ്ങി. ഒരു എട്ടര മണിയായപ്പോൾ അപ്പൻ വന്നു വിളിച്ചു. “ നീയിന്ന് ഒരിടം വരെ പോകണം. ഒരു പെണ്ണ് കാണാനാണ്. മേഴ്സിക്കുട്ടി കൊണ്ടുവന്നതാണ്. അവളുടെ വീടിന്റെ അടുത്താ. അങ്ങുചെന്നാമ്മതി. അവളും ബാബുവും അവിടെ കാത്തുനിക്കാമെന്ന് പറഞ്ഞിട്ടുണ്ട് “ അപ്പറഞ്ഞ കഥാപാത്രങ്ങൾ നമ്മുടെ പെങ്ങളും അളിയനുമാണ്.  “ അപ്പാ,  അതിപ്പോ ഞാനൊരു യു എസ് വിസയുടെ പ്രോസസ്സിങ്ങിലാ “ എന്ന് പറയാൻ പറ്റുവോ. വെറുതെ പോയിട്ട് വരാം. പെങ്ങളേ കണ്ടിട്ട് കുറച്ചായി. ഇവിടെ ചൊറിയും കുത്തിയിരിക്കുന്നതിലും നല്ലതല്ലേ ! ആ പെണ്ണിനെക്കൊണ്ടുതന്നെ നോ പറയിക്കണം. യു എസ്സെവിടെക്കിടക്കുന്നു കേരളം എവിടെക്കിടക്കുന്നു !😏.അപ്പനോട് ഇതെങ്ങാനും പറഞ്ഞാൽ പുള്ളിയുടെ ഉള്ളിലെ ഇടത് സഹയാത്രികൻ ഉണരും. ചിലപ്പോൾ ഒരു സമരം എന്റെ നെഞ്ചത്ത് നടത്തും. 
   വണ്ടിയുമെടുത്ത് പോയി. പെങ്ങളെയും അളിയനെയും കൂട്ടി പെണ്ണിന്റെ വീട്ടിൽ പോയി. പതിവുപോലെ പരസ്പരം സംസാരിക്കുന്ന സീൻ എത്തി. ഞാൻ എന്റെ ഫുൾ ബയോഡേറ്റ പറഞ്ഞുകൊടുത്തു. എല്ലാം കഴിഞ്ഞപ്പോൾ അവൾ ചോദിക്കുകയാണ് “ഡ്രിങ്ക്സ് കഴിക്കുമോ? “ എന്റെ കിളി പറന്നു. ഇതാണോ ആദ്യമായിട്ട് ചോദിക്കുന്നത്. “ അല്ല കണ്ണെല്ലാം ചുവന്നിരിക്കുന്നു. അതുകൊണ്ട് ചോദിച്ചതാ. “ ഇന്നലെ രാത്രി ഉറക്കം പോയ കഥ ഇവിടെ പറയാൻ പറ്റുമോ?  എന്നാലും ഗമ വിടരുതല്ലോ?  “വല്ലപ്പോഴും “ എന്ന് മറുപടിയും കൊടുത്തു. ആര്?  ബിയർ കുടിച്ചാൽ പോലും വാള് വെക്കുന്ന ഞാൻ.  അങ്ങനെ ചടങ്ങെല്ലാം കഴിഞ്ഞവിടുന്നിറങ്ങി. 
   പിറ്റേന്ന് പള്ളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അവളുടെ ചുറ്റും ഒരു കോഴിക്കൂട് തന്നെയുണ്ട്. എന്നെ കണ്ടതും അവളെന്റെ അടുത്തേക്ക് വന്നു. കോഴികളെല്ലാം കൂടെ എന്നെ വളഞ്ഞിട്ട് കൊത്തുമോ എന്ന് എനിക്കൊരു പേടിയുണ്ടായി. “ഇന്നെപ്പോഴാ പോകുന്നേ? ആ ഓട്ടോക്കാരൻ വരുമോ? “ പോകുന്നതിനു മുൻപേ ഞാൻ വിളിക്കാമെന്നും പറഞ്ഞു ഞാൻ പതുക്കെ തടി തപ്പി. ചാണ്ടിച്ചനും കുറച്ചു സിൽബന്ദികളും ദൂരെനിന്നും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ചാണ്ടിച്ചനു അപ്പൻ പണ്ടൊരു പണി കൊടുത്തതാ. അത് വഴിയേ പറയാം. 
       അങ്ങനെ എന്റെ വീക്കെന്റുകളിലെ യാത്രക്ക് ഒരു കൂട്ടായി. ഒരു മാസത്തേക്ക് ഒരുമിച്ച് സീറ്റുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യും. നാട്ടിലെ സദാ’ചാര’ക്കാരുടെ ശ്രദ്ധ കൂടിയപ്പോൾ എല്ലാ ആഴ്ചയും വന്നിരുന്ന ഞാൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമാക്കി വരവ്. വീക്കെൻഡിൽ ഞങ്ങൾ ബാംഗ്ലൂർ നഗരത്തിലെങ്ങനെ കറങ്ങി നടന്നു. എനിക്ക് പോകാൻ പറ്റാത്ത വീക്കെന്റുകളിൽ  മജീദിനെ വിളിച്ച് അവളെ രാവിലെ പിക്കപ്പ് ചെയ്യാൻ ഞാൻ ഏർപ്പാടാക്കി. പിന്നീട് ഇങ്ങനെ വിളിക്കുമ്പോഴെല്ലാം “എടാ പഹയാ,  ഓളെ കൂട്ടനല്ലേ ! ഞാനേറ്റു “ എന്നായി. അങ്ങനെ നാട്ടിൽ ‘പെണ്ണുങ്ങളുമായി ചുറ്റിക്കളിയൊന്നുമില്ലാത്ത പയ്യൻ’ എന്ന എന്റെ സൽപ്പേര് പോയിക്കിട്ടി.
    ഒരിക്കൽ ഇതുപോലെ വീട്ടിലെത്തിയ ദിവസം ശനിയാഴ്ച വൈകിട്ട് ചാണ്ടിച്ചൻ വന്നു കുറച്ച് അലമ്പുണ്ടാക്കി. അവളുടെ പുറകെ നടന്നാൽ ശരിയാക്കിക്കളയും എന്ന് ഭീഷണിയും. അപ്പൻ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റപ്പോഴേക്കും ചാണ്ടിച്ചൻ ഉള്ള ജീവനും കൊണ്ട് രക്ഷപെട്ടു. അപ്പൻ എന്റെ റൂമിലെത്തി. “എന്താ നിന്റെ പ്ലാൻ. അന്ന് നീ പോയിക്കണ്ട അവർക്ക് താത്പര്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഞാനെന്താ പറയേണ്ടത്? “ ഞാനൊന്നും മിണ്ടിയില്ല.  അപ്പോൾ ആ പെണ്ണിന് കുടിക്കുന്നവരെ ഇഷ്ടമായിരുന്നോ?  അന്ന് വൈകിട്ട് ആൻ  എന്നെ വിളിച്ചു. “ഡാഡി സ്റ്റേറ്റ്സിൽ നിന്നും വരുന്നുണ്ട്. എന്നോടൊന്നും അറിയിച്ചില്ല. മറ്റന്നാൾ  എന്നെ കൊണ്ടുപോകുമെന്നാ പറയുന്നേ. ഞാനെന്താ ചെയ്യുക? “ കുറച്ചു നേരത്തേക്ക് എന്റെ തലയിൽ ബൾബൊന്നും കത്തിയില്ല. അങ്ങനെ എല്ലാ കാമുകന്മാരും അവസാനം എത്തിച്ചേരുന്ന ഓപ്ഷൻ ഞാനവൾക്ക് കൊടുത്തു. ഒളിച്ചോട്ടം. നേരെ ആരുമറിയാതെ ബാംഗ്ലൂർക്ക് പോകുക. മാര്യേജ് രജിസ്റ്റർ ചെയ്യുക. പിന്നെ വരുന്നിടത്തു വച്ചു കാണാം. ചാണ്ടിച്ചൻ ചത്താലും ഈ ബന്ധത്തിന് സമ്മതിക്കില്ല. അത്രക്ക് കലിപ്പുണ്ട് അയാൾക്ക് അപ്പനോട്. പിറ്റേന്ന് മജീദിനെ പറഞ്ഞു റെഡിയാക്കി. എന്റെ വീടിന്റെ പുറകിലുള്ള റോഡിൽ രാത്രി ഒരു പത്തുമണിക്ക് എത്തുക. അവൾ എങ്ങനെയെങ്കിലും വീട്ടിൽ നിന്നും ആ സമയത്ത് പുറത്ത് വരാമെന്ന് സമ്മതിച്ചു. 

      അങ്ങനെ പിറ്റേന്ന് അത്താഴം കഴിഞ്ഞ് എല്ലാരും ഒൻപതു മണിയായപ്പോഴേ കിടന്നു. എന്റെ ഭാഗ്യം. ഞാൻ രണ്ട് ദിവസത്തേക്ക് കൂടി ലീവ് നീട്ടിയിട്ടുണ്ടെന്ന് വീട്ടിൽ പറഞ്ഞിരുന്നു. ഞാൻ പതുക്കെ പത്തുമണിയായാപ്പോൾ ഫോണിന്റെ ലൈറ്റും തെളിച്ച് അടുക്കള വശത്തേക്ക് നടന്നു. വാതിലിന്റെ ബോൾട്ട് പതുക്കെ മാറ്റി. പെട്ടെന്ന് വീടിന്റെ കാളിംഗ് ബെൽ തുരു തുരാ മുഴങ്ങി. അപ്പനെഴുന്നേറ്റ് ലൈറ്റിട്ടു. ഞാൻ പതുക്കെ എന്താ സംഭവമെന്നറിയാൻ മുൻവശത്തേക്ക് വന്നു. ഒരു ചെറിയ ആൾക്കൂട്ടമുണ്ട്. മുൻപിൽ നല്ല സൂട്ട് ഇട്ട് നിൽക്കുന്ന ഒരു മനുഷ്യൻ അപ്പന്റെ  നേരെ ചാടിക്കേറി. “ജോർജേ,  എവിടെടാ എന്റെ മോള്? “ എന്റെ കയ്യും കാലും വിറച്ചു തുടങ്ങി. ആനിന്റെ അപ്പനാണ്. റോയ്.ഇയാളിതെപ്പം നാട്ടിലെത്തി?  “ഇവന്റെ മോന്റെ കൂടെ പോയി. അവളോട് ഞാൻ നൂറു പ്രാവശ്യം പറഞ്ഞതാ ഈ പേങ്ങന്റെ മോന്റെ കൂടെ കാറങ്ങേണ്ടെന്ന്” ചാണ്ടിച്ചൻ ഉറഞ്ഞു തുള്ളുകയാണ്. “അവൾ യു എസ്സിൽ ആയിരുന്നപ്പോഴേ നിന്റെ മകനുമായി ബന്ധം തുടങ്ങിയതാ. നാട്ടിലറിയുന്ന പയ്യനല്ലേ. ഫ്രണ്ട്ഷിപ് ആണെന്നാണ് ഞങ്ങൾ വിചാരിച്ചത്. ഇതുപോലെ ഞങ്ങളോട് ഒരു ചതി കാണിക്കുമെന്ന് ആരും വിചാരിച്ചില്ല. “ അപ്പൻ ഒന്നും മിണ്ടുന്നില്ല. പതുക്കെ പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോൾ അപ്പന്റെ മുഖം ഒന്ന് പ്രകാശിച്ചു -എന്നെ കണ്ടപ്പോൾ. ഞാൻ അവിടെ തന്നെയുണ്ടല്ലോ എന്ന ആശ്വാസം. പക്ഷെ കുളിച്ചു കുട്ടപ്പനായി നിൽക്കുന്ന എന്നെ കണ്ടപ്പോൾ അപ്പന്റെ നെറ്റി പിന്നെയും ചുളിഞ്ഞു. “ കണ്ടോ,  അവളുടെ ഫോൺ നിറയെ നിങ്ങളുടെ മോന്റെ പടവും മെസ്സേജുമാ “. അത് കേട്ടപ്പോൾ എന്റെ ഉള്ളിൽ ഒരു കുളിരു കോരിയെങ്കിലും അതിനുമാത്രം ഫോട്ടോ എങ്ങനെ അവളുടെ ഫോണിൽ എന്നായി എന്റെ സംശയം. അവളുടെ കൂടെ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഞാൻ ഏറ്റവും കുറവ് ഉപയോഗിച്ചിരുന്ന ഒന്നാണ് മൊബൈൽ ക്യാമറ.  ഞാൻ പതുക്കെ വരാന്തയിലേക്ക് വന്നു. എന്നെ കണ്ടതും ചാണ്ടിച്ചൻ ഞെട്ടി. കൂടെ അത്ഭുതവും. “ നീയെന്താ ഇവിടെ?  അപ്പൊ എന്റെ കൊച്ച്? “
     റോയിച്ചൻ അപ്പനെ മോളുടെ ഫോണിലെ ഫോട്ടോ കാണിക്കുകയാണ്. അപ്പൻ കിളിപോയപോലെ എന്നെ നോക്കി. “ഇതാരാ? “ റോയിച്ചൻ ചോദിച്ചു. “ഇതാ നിങ്ങളുടെ കൂടെ ഒളിച്ചോടിയ എന്റെ മോൻ “. ഇത്തവണ റോയിച്ചന്റെയും കിളി പോയി. ഞാൻ പതുക്കെ ആ ഫോണിലേക്ക് നോക്കി. ആ ഫോട്ടോ കണ്ടപ്പോൾ എന്റെ തലയിൽ നിന്നും ഒരാന തന്നെ പറന്നു പോയി.  
‘എന്റെ ദൈവമേ ! ഇതെങ്ങോട്ടാണ് ഈ കഥ പോകുന്നത്? ‘ ഞാൻ തലയിൽ കൈ വച്ചു 

      ---------------------------------------------------------------

      അപ്പോൾ ബാക്കി കഥയിലേക്ക് വരുന്നതിന് മുൻപ് ചെറിയൊരു ഫ്ലാഷ്ബാക്ക്. അപ്പനോട് ചാണ്ടിച്ചനു കലിപ്പ് വരാനുള്ള കാരണം. ചാണ്ടിച്ചൻ പാലായിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ ഒരു പുരാതന കുടുംബത്തിലെ അംഗമായിരുന്നു. നന്നായി അധ്വാനിച്ച് തന്നെയാണ് അയ്യാൾ ഇക്കണ്ട സ്വത്ത്‌ മുഴുവനുണ്ടാക്കിയത്. പകൽ നേരത്തെ പണിയൊക്കെ കഴിഞ്ഞു വന്നാൽ പുള്ളിക്ക് രണ്ടടിക്കണം. ഇപ്പോഴും ആ ശീലമുണ്ട്. ആ കൊട്ടാരം പോലെയുള്ള വീടിന്റെ പുറകിൽ വിശാലമായ തെങ്ങിൻതോപ്പാണ്. അവിടെ പുള്ളി ഇടക്ക് വാറ്റും. ചില കൂതറ ആൾക്കാർ വാറ്റുന്നതുപോലെ ബാറ്ററി ഇട്ടോ ന്യൂ ജൻ യു ട്യൂബർമാരെ പോലെ കുക്കർ വച്ചോ അല്ല. നല്ല സയന്റിഫിക് ആയി തന്നെ ചെയ്യും. അതുകൊണ്ട് തന്നെ അങ്ങേരുടെ വാറ്റ് കുടിച്ചവരാരും ഇതുവരെ ആ കാരണം കൊണ്ട് തട്ടിപ്പോവുകയോ മറ്റെന്തെങ്കിലും അപകടം പറ്റുകയോ ചെയ്തിട്ടില്ല. പക്ഷെ അവിടുന്ന് അടിച്ചു കിറുങ്ങി വരുന്ന കസ്റ്റമേഴ്‌സ് ഞങ്ങളുടെ വീടിന്റെ മുൻപിലാണ് വാളുവെപ്പും തെറിപ്പാട്ടും. സഹികെട്ട അപ്പൻ ഒരുദിവസം സംഭവം പൊലീസിന് ഒറ്റി. പത്തമ്പത് വര്ഷമായിട്ട് ആരും ചാണ്ടിച്ചന്റെ വാറ്റ് പോലീസ് കംപ്ലയിന്റ് ആക്കിയിട്ടില്ല. ചാണ്ടിച്ചനും ടീമും വാറ്റിക്കൊണ്ടിരുന്ന സമയത്താണ് പോലീസ് വരുന്നത്. എല്ലാരും ചിതറിയോടി. ചാണിച്ചാണ് ഓടി പറമ്പിൽ തെങ്ങു നടാൻ വെച്ചിരുന്ന കുഴിയിൽ ചാടി ഒളിച്ചിരുന്നു. പോലീസ് വന്നപ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ല. അവർ വാറ്റാൻ വച്ച കലമെല്ലാം തൊണ്ടിയായെടുത്ത് പോകാൻ തുടങ്ങിയപ്പോഴാണ് ചാണ്ടിച്ചന്റെ പട്ടി പിങ്കി പണിയൊപ്പിച്ചത്. ആ തെങ്ങിൻ കുഴിയുടെ മുൻപിൽ പോയി നിന്ന് കുഴിയിലേക്ക് നോക്കി ചിരിച്ച് വാലുമാട്ടി നിന്നു. അങ്ങനെ അങ്ങേരെ പോലിസ് പൊക്കി. ചില കോൺഗ്രസ്‌ നേതാക്കളുടെ സഹായത്തോടെ വല്യ തട്ടുകേടില്ലാതെ അങ്ങേര് പുറത്തിറങ്ങി. ആ നേതാക്കന്മാർ ഈ സംഭവം രാഷ്ട്രീയവൽക്കരിക്കുകയും കൂടെ ചെയ്തു. അപ്പൻ ഇടത്തോട്ടാണല്ലോ ! അങ്ങനെയാണ് ചാണ്ടിച്ചനു ഞങ്ങളുടെ കുടുംബത്തോട് ഇത്രക്ക് ദേഷ്യം വരാൻ കാരണം.  പിന്നെ ആ സംഭവത്തിന്‌ ശേഷം പിങ്കിയെ ആരും കണ്ടിട്ടില്ല. 

    ഇനി കഥയിലേക്ക് വരാം. ഫോണിലെ ഫോട്ടോ നോക്കി എല്ലാരും കിളി പാറിയിരിക്കുവാണ്. അപ്പോഴാണ് ചാണ്ടിച്ചൻ ആ ഫോട്ടോയിലേക്ക് നോക്കുന്നത്. “ങേ ! ഇതാ കവലയിൽ ഓട്ടോ ഓടിക്കുന്ന മേത്തൻ ചെക്കനല്ലേ !എടാ റോയിയേ, നിന്റെ മോള് കുടുംബത്തിന്റെ മാനം കളഞ്ഞല്ലോടാ! അവള് യെവന്റെ കൂടെ പോയാലും എനിക്ക് പ്രശ്നമില്ലായിരുന്നു. ഇതിപ്പോ “.  ബെസ്റ്റ്. അവളുടെ കൂടെ കണ്ടാൽ തട്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയ ആളാണീ പറയുന്നത്. ഞാനാണെങ്കിൽ മജീദിന്റെ ഫോട്ടോ കണ്ട ഷോക്കിൽ നിൽക്കുകയാണ്. അവൻ നല്ല ജാക്കെറ്റും കൂളിംഗ് ഗ്ലാസും ഒക്കെ വെച്ചിട്ടുള്ള ഫോട്ടോകൾ. അവർ രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോകൾ.  ഇവൻ ഇതെങ്ങനെ ഒപ്പിച്ചു?  നല്ല ഒന്നൊന്നര തേപ്പാണല്ലോ കിട്ടിയത്?  ഞാനിനി എങ്ങനെ നാട്ടുകാരുടെ മുഖത്തു നോക്കും? 

    ഒന്നൊന്നര ആഴ്ച്ച കഴിഞ്ഞു. നാടുവിട്ടവരെ പറ്റി ഒരു വിവരവുമില്ല. പാവം പയ്യൻ എന്ന എന്റെ നഷ്ടപെട്ട ഇമേജ് സഹതാപത്തിന്റെ പുറത്ത് തിരിച്ചു വന്നു. ഞാൻ വർക്ക്‌ ഫ്രം ഹോം എടുത്ത് വീട്ടിൽ കുത്തിയിരുപ്പായി. വീട്ടുകാർ ഇടക്കിടക്ക് അന്ന് കാണാൻ പോയ പെണ്ണിന്റെ കാര്യം ഓർമിപ്പിക്കും. അവസാനം ഞാൻ പറഞ്ഞു “ എനിക്ക് ആ കുട്ടിയെ ഒന്നു കൂടി കാണണം. എന്റെ ഈ ഹിസ്റ്ററി എല്ലാമറിഞ്ഞിട്ടും അവർക്ക് ഓക്കേ ആണെങ്കിൽ നമുക്ക് ആലോചിക്കാം “.  അങ്ങനെ സിറ്റിയിലെ ഒരു മാളിൽ വെച്ച് വീട്ടുകാർ ഞങ്ങളുടെ മീറ്റിംഗ് ഫിക്സ് ചെയ്തു. അവിടെയുള്ള ഒറു കോഫീ ഷോപ്പിൽ ഞാൻ അവൾക്കുവേണ്ടി വെയിറ്റ് ചെയ്തു. കുറച്ച് ലേറ്റ് ആയിട്ടാണ് അവൾ വന്നത്. അന്ന് ആകെ എന്നോട് കുടിക്കുമോ എന്ന് മാത്രമാണ് ചോദിച്ചത്. ഞങ്ങൾ പരസ്പരം പേര് പോലും ചോദിച്ചിരുന്നില്ല. “ഹായ്,  ഞാൻ കുറച്ചു ലേറ്റ് ആയി. സോറി “.  
   “ഓ സാരമില്ല “.  ഞാൻ പതുക്കെ എന്റെ തേപ്പുകഥയുടെ കെട്ടഴിക്കാൻ തയ്യാറെടുത്തു.  പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ ഇങ്ങോട്ട് കേറി കഥ പറയാൻ തുടങ്ങി. “നമ്മൾ പരസ്പരം അന്ന് പേര് പോലും ചോദിച്ചില്ലല്ലേ. ഞാൻ നിമിഷ. “ ഞാൻ എന്റെ പേര് പറയാൻ തുടങ്ങിയപ്പോഴേക്കും അവൾ അതൊന്നും മൈൻഡ് ആക്കാതെ കഥ തുടങ്ങി. “ അന്നെന്നെ പെണ്ണ് കാണാൻ വന്ന സമയത്ത് ഞാൻ വേറൊരു സീരിയസ് റിലേഷനിൽ ആയിരുന്നു. ഞാൻ ഒരു നേഴ്സ് ആണ്. ഹോസ്പിറ്റലിലേക്ക് ഇടക്കൊക്കെ ഷിഫ്റ്റ്‌ അനുസരിച്ച് ഓട്ടോയിൽ പോകേണ്ടി വരും. അങ്ങനെ പരിചയപ്പെട്ടതാണ്. പരിചയം പതുക്കെ പ്രണയമായി. വേറെ റിലീജിയൻ ആയതു കൊണ്ട് വീട്ടുകാർ ഭയങ്കര എതിർപ്പായിരുന്നു. അങ്ങനെ പെണ്ണുകാണൽ വന്നപ്പോൾ എങ്ങനെയെങ്കിലും മുടക്കണം എന്ന് അവൻ പറഞ്ഞു. അങ്ങനെ കണ്ടു പിടിച്ച സൂത്രമായിരുന്നു കാണാൻ വന്നയാൾ നല്ല കുടിയനാണെന്ന് വീട്ടുകാരെ കൺവിൻസ്‌ ചെയ്യിക്കണം എന്നത്. പക്ഷെ പിന്നെ അവനെപ്പറ്റി ചില റൂമേഴ്‌സ് കേൾക്കാൻ തുടങ്ങി.  അവന് വേറൊരു റിലേഷൻ ഉണ്ടെന്നൊക്കെ. അങ്ങനെ അത് ബ്രേക്കപ്പ് ആയി. ഞാൻ ഇത്രയും പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ നമ്മൾ മാരീഡ് ആകുവാണേൽ നമുക്കിടയിൽ ഇതൊരു ഇഷ്യൂ ആയി ഒരിക്കലും വരരുത്. “ അവൾ ഫോണിൽ ഒരു ഫോട്ടോ കാണിച്ചു. മജീദ്. ഇവന് ഇത് തന്നെയാണോ പണി. അതോ ഈ ഓട്ടോ ഓടിക്കുന്ന ചെറുപ്പക്കാർക്ക് ഈ കഴിവ് ജന്മനാ കിട്ടുന്നതാണോ? 
    പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു. അമ്മയാണ്. “എടാ, ഒളിച്ചോടിയവര് വന്നിട്ടുണ്ട്. റോയിച്ചൻ അവരുടെ കല്യാണം നടത്തകിക്കൊടുക്കാമെന്ന് സമ്മതിച്ചെന്ന്. പിന്നേ അവള് പോയത് നന്നായി. ഇത് അമേരിക്കയിൽ അവളുടെ സ്ഥിരം പരിപാടിയായിരുന്നത്രെ. അത് മൂത്ത് മൂത്ത് അവളെ സൈക്ക്യാർട്ടിസ്റ്റിനെ വരെ കാണിക്കേണ്ടി വന്നിട്ടുണ്ടെന്ന്. മേഴ്സിയുടെ ഒരു കൂട്ടുകാരി ഉണ്ടത്രേ അവിടെ ഇവരുടെ അയല്വാസിയായിട്ട്. അവര് പറഞ്ഞതാ  “ ഞാൻ ഒന്നും മിണ്ടിയില്ല “പിന്നേ, റോയിച്ചനും കെട്യോളും അമേരിക്കയിൽ നിന്നും എല്ലാം നിർത്തി പോന്നതാ. അവർക്ക് അവിടെ ബിസിനെസ്സിൽ എന്തോ പ്രശ്നം. “ ഞാനൊന്ന് മൂളി. ഫോൺ കട്ട്‌ ചെയ്തു. 

    “ നന്നായി സമയമെടുത്ത് ആലോചിച്ചു വീട്ടുകാരോട് സമ്മതം പറഞ്ഞാൽ മതി. നിങ്ങളുടെ സങ്കല്പത്തിലെ പെൺകുട്ടി എങ്ങനെയാണെന്ന് എനിക്ക്  അറിയില്ലല്ലോ! ഇതാണെന്റെ നമ്പർ. നിങ്ങൾ യെസ് പറഞ്ഞാൽ മാത്രം ഞാൻ വീട്ടുകാരോട് എന്റെ അഭിപ്രായം പറയാം. “ഞാൻ ആ നമ്പറും വാങ്ങി അവിടെ നിന്നുമിറങ്ങി. യാത്ര പോലും പറഞ്ഞില്ല. എന്താണ് എനിക്ക് മാത്രം ഇങ്ങനെ എട്ടിന്റെ പണികൾ വരി വരിയായി കിട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.  പോകുന്ന വഴിക്കാണ് മജീദിന്റെ വീട്. മുറ്റത്ത് മൂന്നാലുപേർ നില്പുണ്ട്. ഞാൻ പതുക്കെ അങ്ങോട്ട് കേറി. മജീദിന്റെ വാപ്പ എന്നെ കണ്ടപ്പോൾ സൈക്കിളിൽ നിന്ന് വീണ ഒരു ചിരി ചിരിച്ചു. “ മജിയെ, അന്നെക്കാണാൻ അന്റെ ചങ്ങായി വന്നീക്കണു “.  മജീദ് ഇറങ്ങി വന്നു. എന്നെയല്ല അവൻ പ്രതീക്ഷിച്ചത്. ഞങ്ങൾ രണ്ടുപേരും കുറച്ചു ദൂരത്തേക്ക് മാറി. അവന്റെ വീട്ടുകാരും മുറ്റത്തു കൂടി നിന്നവരും ഒരു അടിപിടി ഉണ്ടായാൽ പിടിച്ചുമാറ്റാൻ റെഡി ആയി നിന്നു. – എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ ഫയർ ഫോഴ്‌സിന്റെ വാഹനങ്ങൾ നിൽക്കുന്ന പോലെ. 
   “എടാ,  സംഭവിച്ചു പോയി. എത്ര നാളാ ഇങ്ങനെ നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നെ. എങ്ങനേലും പുറത്തുപോയി കുറച്ച് കാശുണ്ടാക്കണ്ടേ. ഞാൻ നോക്കിയിട്ട് അതിന് വേറെ വഴിയൊന്നും കണ്ടില്ല. കല്യാണം കഴിഞ്ഞാൽ അപ്പൊത്തന്നെ വിസ ശരിയാക്കാമെന്ന് അവളുടെ ഡാഡി പറഞ്ഞു “.  മജീദ് പറഞ്ഞു നിർത്തി. ഓഹോ. ഇവനപ്പം വിവരങ്ങൾ ഒന്നുമറിഞ്ഞിട്ടില്ല. ഞാനായിട്ട് സസ്പെൻസ് പൊട്ടിക്കണ്ട. വഴിയേ അറിഞ്ഞോളും. ഞാൻ മജീദിനെ കെട്ടിപ്പിടിച്ചു.  “ നീ രണ്ട് ജീവിതങ്ങളാണ് രക്ഷിച്ചത്. എന്റെയും ഞാൻ കെട്ടാൻ പോണ പെണ്ണിന്റെയും. “. അതും പറഞ്ഞ് ഞാനിറങ്ങി. എന്താണ് സംഭവം എന്നറിയാതെ മജീദും വീട്ടുകാരും വായും പൊളിച്ചു നിന്നു. 

    പിറ്റേന്നത്തെ ദേശാഭിമാനി പത്രത്തിൽ ഇന്ന് വിവാഹിതരാകുന്നു എന്നും പറഞ്ഞ് മജീദിന്റെയും ആനിന്റെയും ഫോട്ടോ വന്നു. മതസൗഹാർദ്ദമായതിനാലാവാം മനോരമയിൽ കൊടുക്കാതിരുന്നത്. രണ്ട് പേജ് അപ്പറത്ത് ‘വലതു വിട്ട് ഇടത്തേക്ക് ‘ എന്ന ഹെഡിങ്ങിന് താഴെ ചാണ്ടിച്ചന്റെയും ഫാമിലിയുടെയും ഫോട്ടോ. എന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണെങ്കിൽ വേറെ ചില ഗ്രൂപ്പുകളിലെ സ്ക്രീൻ ഷോട്സ് കിടന്ന് പറക്കുന്നു. അവർക്ക് വിഷയം ലൗ ജിഹാദാണ്. നമുക്കല്ലേ ഇത് എട്ടിന്റെ പണി കിട്ടിയതാണെന്ന് അറിയൂ. 
    അന്ന് വൈകിട്ട് ഞാൻ ഫോണെടുത്ത്നമ്പർ ഡയൽ ചെയ്തു. ബെല്ലടിക്കുന്നുണ്ട്. 
“ഹലോ… നിമിഷയല്ലേ.. ഇത് ഞാനാണ് “

- ശുഭം -

Comments

Post a Comment