റിവ്യൂ : അമേരിക്കൻ മർഡർ - ദി ഫാമിലി നെക്സ്റ്റ് ഡോർ

'C U Soon' കണ്ട് ഹാങ്ങോവർ മാറിവന്നപ്പോഴേക്കും അതിനെ വെല്ലുന്ന മറ്റൊരു ഡോക്യൂമെന്ററി തന്നെ വന്നിരിക്കുന്നു. ഒരു യഥാർത്ഥ സംഭവത്തിന്റെ  ഫുട്ടേജുകൾ കോർത്തിണക്കി ത്രില്ലർ സിനിമ കാണുന്ന രീതിയിൽ നമുക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുകയാണ് 'അമേരിക്കൻ മർഡർ : ദി ഫാമിലി നെക്സ്റ്റ് ഡോർ ' എന്ന ഡോക്യൂമെന്ററി. 2018ൽ അമേരിക്കയിലെ കോളറാഡോയിൽ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകത്തിന്റെ നേർക്കാഴ്ചയാണ് ഒന്നര മണിക്കൂർ വരുന്ന ഈ ഡോക്യൂമെന്ററിയിൽ നമുക്ക് കാണാനാകുന്നത്. വാട്ട്സ് ഫാമിലി മാർഡേഴ്‌സ് എന്ന് കുപ്രസിദ്ധി ആർജിച്ച സംഭവം. നാല് മനുഷ്യജീവനുകളാണ് ഇല്ലാതായത്. ഗർഭിണിയായ ഷാൻ വാട്സ്, നാല് വയസുകാരിയായ ബെല്ല, മൂന്ന് വയസുകാരിയായ സെലിസ്റ് എന്നിവരെ കുടുംബനാഥനായ ക്രിസ്റ്റഫർ ലീ വാട്സ് കൊലപ്പെടുത്തുകയായിരുന്നു.


     ഫേസ്ബുക്, ഗൂഗിൾ ഡ്രൈവ് എന്നിവയിലുള്ള വീഡിയോകൾ കൂടാതെ പോലീസിന്റെ കൈവശമുള്ള വീഡിയോകളും ഫോൺ ചാറ്റുകളും എല്ലാം ചേർത്ത് ഒരു കഥ അവതരിപ്പിക്കപ്പെടുന്നതുപോലെ കാണിച്ചിരിക്കുകയാണ് ഈ ഡോക്യൂമെന്ററിയിൽ. കൊലപാതകത്തിന് ശക്തമായ ഒരു കാരണമുണ്ടോ അല്ലെങ്കിൽ അങ്ങനെ ഒന്ന് പ്രേക്ഷകരായ നമുക്ക് കണ്ടെത്താൻ കഴിയുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഒരു മനുഷ്യന് സ്വന്തം കുടുംബത്തോട് ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചാലും പ്രേക്ഷകർക്ക് ഉത്തരമില്ല. ആ മൂന്നു വയസുകാരി "My daddy is my hero" എന്ന് പറയുന്നുണ്ട് ഒരു വിഡിയോയിൽ. ഒരു കുടുംബത്തിന്റെ വിശ്വാസം ഒറ്റ നിമിഷം കൊണ്ട് തകർത്ത മനുഷ്യനെ ജീവൻ നഷ്ടപ്പെടുന്നതിന്റെ തൊട്ട് മുൻപ് വരെ ആ കുരുന്നുകൾ പ്രതീക്ഷയോടെ നോക്കുന്നു.

   നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഡോക്യൂമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ജെന്നി പോപ്പിൾവെൽ ആണ്. ഒരു നറേഷൻ പോലുമില്ലാതെ പൂർണമായും ആർകൈവൽ ഫുട്ടേജുകൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഡോക്യൂമെന്ററികൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മുതൽക്കൂട്ടാണ് ഇത്.

     ഒരു കല്ലുകടിയും തോന്നാത്ത രീതിയിലാണ് സൈമൺ ബാർക്കർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. മാറ്റാരുടെയും ഇന്റർവ്യൂവോ മറ്റു പ്രസ്താവനകളോ ഉൾക്കൊള്ളിച്ചിട്ടില്ല. ഫൈനൽ കട്ടിൽ കുറെയേറെ ഫുട്ടേജുകൾ ഒഴിവാക്കാപ്പെട്ടിട്ടുണ്ടെന്നാണ് സംവിധായിക പറഞ്ഞിട്ടുള്ളത്. ആ കുടുംബത്തിന്റെ കൂടെ തന്നെ പ്രേക്ഷകരെയും യാത്ര ചെയ്യിക്കുകയാണ് വളരെ കൃത്യമായി അടുക്കിയിരിക്കുന്ന ഫുട്ടേജുകളിലോടെ. ഇത് ഈ പുതിയ വിഭാഗത്തിലുള്ള ഒരുപാട് ഡോക്യൂമെന്ററികൾക്ക് തുടക്കമിടുമെന്നുള്ളതിൽ ഒരു സംശയവുമില്ല. പ്രേക്ഷകരുടെ പ്രതീക്ഷകളെ ഒരു വിധത്തിലും നിരാശപ്പെടുത്താത്ത ഒരു ദൃശ്യവിരുന്ന് തന്നെയാണ് ഈ ഡോക്യൂമെന്ററി.

ലിങ്ക് : https://www.netflix.com/title/81130130?s=a&trkid=13747225&t=cp

Comments